ടൊറന്റോ: ഒന്നരപതിറ്റാണ്ടിൻ്റെ കാത്തിരിപ്പിനൊടുവിൽ എഗ്ലിന്റൺ ക്രോസ്‌ടൗൺ ലൈറ്റ് റെയിൽ ട്രാൻസിറ്റ് (Line 5) സർവീസ് ഇന്ന് മുതൽ. 2011-ൽ നിർമ്മാണം തുടങ്ങിയ പദ്ധതി 15 വർഷത്തെ നീണ്ട കാത്തിരിപ്പിനും നിരവധി തടസ്സങ്ങൾക്കും ശേഷമാണ് യാഥാർത്ഥ്യമായത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്ന് ലൈൻ 5-ൽ യാത്രക്കാർക്ക് ടിക്കറ്റില്ലാതെ സൗജന്യമായി യാത്ര ചെയ്യാം. ഇന്ന് രാവിലെ 7:30-ന് കെന്നഡി സ്റ്റേഷനിൽ നിന്നും ആദ്യ ട്രെയിൻ പുറപ്പെടും. ഘട്ടം ഘട്ടമായുള്ള സേവനമായതിനാൽ നിലവിൽ തിങ്കൾ മുതൽ ശനി വരെ രാവിലെ 5:30 മുതൽ രാത്രി 11 വരെയും, ഞായറാഴ്ചകളിൽ രാവിലെ 7:30 മുതൽ രാത്രി 11 വരെയുമാണ് സർവീസ്. വെസ്റ്റ് എൻഡിലെ മൗണ്ട് ഡെന്നിസിനെ ഈസ്റ്റ് എൻഡിലെ കെന്നഡി സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന 19 കിലോമീറ്റർ പാതയാണിത്. 25 സ്റ്റേഷനുകളാണുള്ളത്. ഏകദേശം 13,000 കോടി ഡോളർ ചിലവഴിച്ചാണ് മെട്രോലിങ്ക്സ് ഈ പദ്ധതി പൂർത്തിയാക്കിയത്.

2020-ൽ പൂർത്തിയാകേണ്ടിയിരുന്ന നിർമ്മാണം സാങ്കേതിക തകരാറുകളും നിയമതടസ്സങ്ങളും കാരണം വൈകുകയായിരുന്നു. ഈ പാത വരുന്നതോടെ നിത്യേനയുള്ള യാത്രക്കാർക്ക് 60 ശതമാനം വരെ സമയം ലാഭിക്കാനാകുമെന്ന് അധികൃതർ അറിയിച്ചു. പാത തുറന്നതോടെ എഗ്ലിന്റൺ മേഖലയിലെ ബസ് സർവീസുകളിലും ടി.ടി.സി (TTC) വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പുതിയ ആറ് ബസ് റൂട്ടുകൾ ഇന്ന് മുതൽ നിലവിൽ വന്നു.
