ഓട്ടവ: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാനഡ പോസ്റ്റിനെ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ ഏകദേശം 101 കോടി ഡോളറിന്റെ അടിയന്തര വായ്പ അനുവദിച്ച് ഫെഡറൽ സർക്കാർ. തപാൽ സേവനങ്ങൾ തടസ്സമില്ലാതെ തുടരുന്നതിനും സ്ഥാപനത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനുമുള്ള ഒരു താൽക്കാലിക ആശ്വാസത്തിനാണ് ഈ തുക നൽകുന്നത്. 2025 ജനുവരിയിൽ പ്രഖ്യാപിച്ച 103 കോടി ഡോളറിന്റെ സഹായത്തിന് പുറമെയാണിത്.
സ്വയംപര്യാപ്തമായി പ്രവർത്തിക്കേണ്ട സ്ഥാപനമാണെങ്കിലും, കഴിഞ്ഞ കുറച്ചു വർഷങ്ങളായി കാനഡ പോസ്റ്റ് വൻ സാമ്പത്തിക നഷ്ടത്തിലാണ്. നിലവിലെ രീതിയിൽ സ്ഥാപനത്തിന് മുന്നോട്ട് പോകാനാകില്ലെന്നും ദീർഘകാലാടിസ്ഥാനത്തിൽ സ്ഥിരത കൈവരിക്കാൻ സമഗ്രമായ മാറ്റങ്ങൾ ആവശ്യമാണെന്നും പബ്ലിക് സർവീസസ് ആൻഡ് പ്രൊക്യുർമെന്റ് കാനഡ പ്രസ്താവനയിൽ വ്യക്തമാക്കി. ജനുവരിയിൽ നൽകിയ തുക മാർച്ച് മാസത്തോടെ തീരുന്ന സാഹചര്യത്തിലാണ് പുതിയ വായ്പ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചത്.

സ്ഥാപനത്തെ ലാഭകരമാക്കുന്നതിനുള്ള കൃത്യമായ പുനരുദ്ധാരണ പദ്ധതി കാനഡ പോസ്റ്റ് സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ഈ പരിവർത്തന പദ്ധതിയുടെ അവസാനഘട്ട ജോലികൾ പുരോഗമിക്കുകയാണെന്ന് തപാൽ വകുപ്പ് അറിയിച്ചു. ജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ സാമ്പത്തികമായി സുസ്ഥിരമായ രീതിയിൽ നൽകുന്നതിനുള്ള നടപടികൾ പ്ലാനിലുണ്ടെന്നും വെല്ലുവിളികൾക്കിടയിലും പ്രവർത്തനം മെച്ചപ്പെടുത്താൻ ശ്രമിക്കുകയാണെന്നും കാനഡ പോസ്റ്റ് അധികൃതർ വ്യക്തമാക്കി.
