ധാക്കുവാഖാന: എട്ടാം കിരീടം തേടിയിറങ്ങിയ കേരളത്തിന് സന്തോഷ് ട്രോഫി ഫൈനൽ സമ്മാനിച്ചത് നിരാശ. എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ. 109–ാം മിനിറ്റിൽ സർവീസസിന്റെ അഭിഷേക് പവാർ നേടിയ ഗോളിന്റെ കരുത്തിൽ കേരളത്തിന് തോൽവി. സർവീസസിന്റെയും എട്ടാം സന്തോഷ് ട്രോഫി കിരീടമാണ് ഇത്. തുടർച്ചയായ രണ്ടാം തവണയാണ് കേരളം സന്തോഷ് ട്രോഫി ഫൈലിൽ തോൽക്കുന്നത്. കഴിഞ്ഞ വർഷം ബംഗാളിനോടായിരുന്നു ഫൈനൽ തോൽവി. ക്വാർട്ടറിലും സെമിയിലും പുറത്തെടുത്ത ആക്രമണവീര്യം അതേപോലെ തുടർന്ന കേരളത്തിനു തന്നെയായിരുന്നു മത്സരത്തിൽ ആധിപത്യം. പക്ഷേ ലഭിച്ച മികച്ച അവസരങ്ങൾ മുതലാക്കാൻ സാധിക്കാതെ പോയത് അവർക്ക് തിരിച്ചടിയായി. ധാക്കുവാഖാന ഫുട്ബോൾ സ്റ്റേഡിയത്തിൽ നിറഞ്ഞ കാണികൾക്ക് മുന്നിലായിരുന്നു ഫൈനൽ മത്സരം. കേരളത്തിന് ഗോൾ നേടാനുള്ള അവസരങ്ങളെല്ലാം സർവീസസ് പ്രതിരോധിച്ചു. മത്സരം ആദ്യ 15 മിനിറ്റ് പിന്നിട്ടപ്പോൾ തന്നെ ഇരുടീമുകളും സർവ തന്ത്രങ്ങളും പയറ്റിയെങ്കിലും സർവീസസ് മികച്ച മുന്നേറ്റങ്ങളിലൂടെ കേരളത്തെ ഞെട്ടിച്ചു. 27-ാം മിനിറ്റിൽ വി. അർജുന്റെ ലോങ് റേഞ്ച് ഷോട്ട് സർവീസസ് ഗോൾ പോസ്റ്റിൽ തട്ടി പുറത്തേക്ക് പോയി. 41 ഷിജിന്റെ ഹെഡർ, ബോക്സിന് മുകളിലൂടെ പുറത്തേക്ക് പോയതും നിരാശയായി. ഇരു ടീമുകൾക്കും ലഭിച്ച അവസരങ്ങൾ മുതലാക്കാൻ കഴിയാതെ വന്നതോടെ ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു. 54–ാം മിനിറ്റിൽ കേരളം, ഷിജിനു പകരം വിഘ്നേഷിനെ കളത്തിലിറക്കി.

80–ാം മിനിറ്റിൽ അജ്സാലിനു ലഭിച്ച അവസരം ടാർഗറ്റിലേക്ക് അടിക്കാൻ സാധിക്കാത്തത് കളി ഇൻഞ്ചറി ടൈമിലെത്തിച്ചു. പരുക്കേറ്റ ഒ.എം. ആസിഫിനു പകരം മുഹമ്മദ് സിനാൻ ഇറങ്ങി. എന്നാൽ ഗോൾ നേടാനുള്ള ഇരു ടീമുകളുടെയും ശ്രമം ഇൻജറി ടൈമിലും ലക്ഷ്യം കണ്ടില്ല. നിശ്ചിത സമയത്ത് ഇരുടീമുകൾക്കും ഗോൾ നേടാനാകാതെ വന്നതോടെയാണ് കളി അധിക സമയത്തേക്ക് നീണ്ടത്. എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ, 109–ാം മിനിറ്റിൽ അഭിഷേക് പവാറിന്റെ ഗോളിലൂടെ സർവീസസ് മുന്നിലെത്തി. ടൂർണമെന്റിൽ അഭിഷേകിന്റെ രണ്ടാം ഗോളാണ് നിർണായക ഗോളായത്.
