വൻകൂവർ: നാറ്റോയുടെ (NATO) പുതിയ ഡിഫൻസ് ബാങ്ക് ആസ്ഥാനമാകാൻ വൻകൂവർ സജ്ജമാണെന്ന് ബിസി പ്രീമിയർ ഡേവിഡ് എബി. നാറ്റോ അംഗരാജ്യങ്ങളിലെ പ്രതിരോധ സംബന്ധമായ പദ്ധതികൾക്ക് ധനസഹായം നൽകുന്നതിനായി സ്ഥാപിക്കുന്ന ഡിഫൻസ്, സെക്യൂരിറ്റി ആൻഡ് റെസിലിയൻസ് ബാങ്ക് (DSRB) ആസ്ഥാനം വൻകൂവറിൽ സ്ഥാപിക്കണമെന്ന സ്വകാര്യ മേഖലയുടെ നീക്കത്തിന് പ്രീമിയർ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. പ്രമുഖ തുറമുഖങ്ങളും നാറ്റോ സഖ്യകക്ഷികളുമായുള്ള ശക്തമായ ബന്ധവും വൻകൂവറിനെ ഇതിന് അനുയോജ്യമായ ഇടമാക്കി മാറ്റുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
യൂറോപ്പിനെ ആർട്ടിക്, ഇൻഡോ-പസഫിക് മേഖലകളുമായി ബന്ധിപ്പിക്കാൻ വൻകൂവറിന് സാധിക്കും. ബാങ്ക് ഇവിടെ എത്തുന്നതോടെ ഏകദേശം 3,500 ഉയർന്ന ശമ്പളമുള്ള തൊഴിലവസരങ്ങൾ പ്രവിശ്യയിൽ സൃഷ്ടിക്കപ്പെടുമെന്നാണ് ബിസി ഗവൺമെന്റ് പ്രതീക്ഷിക്കുന്നത്.

ഫിനാൻഷ്യൽ, ഡിജിറ്റൽ, സൈബർ സെക്യൂരിറ്റി മേഖലകളിലെ വൻകൂവറിന്റെ വൈദഗ്ധ്യം ബാങ്കിന് ഗുണകരമാകുമെന്ന് മേയർ കെൻ സിം പറഞ്ഞു. നിലവിൽ ജൂനോ ഇൻഡസ്ട്രീസ് അടക്കമുള്ള പ്രതിരോധ സാങ്കേതിക കമ്പനികളുടെ സാന്നിധ്യം പ്രവിശ്യയ്ക്കുണ്ട്. ഈ വർഷം അവസാനത്തോടെ ബാങ്ക് സ്ഥാപിതമാകും. കാനഡയുടെ പ്രതിരോധ വ്യവസായം വിപുലീകരിക്കുന്നതിലെ നിർണ്ണായക ചുവടുവെപ്പാണിതെന്ന് ബിസി ജോബ്സ് മിനിസ്റ്റർ രവി കലോൺ വിശേഷിപ്പിച്ചു.
