ഓട്ടവ : ക്യൂബയിലെ പ്രധാന വിമാനത്താവളങ്ങളിൽ ഇന്ധനക്ഷാമം രൂക്ഷമായതിനെത്തുടർന്ന് യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി കനേഡിയൻ വിമാനക്കമ്പനികൾ. ഇതേത്തുടർന്ന് എയർ കാനഡ, വെസ്റ്റ് ജെറ്റ്, സൺവിങ് തുടങ്ങിയ കമ്പനികൾ ക്യൂബയിലേക്കുള്ള യാത്രക്കാർക്കായി റീബുക്കിങ്, ക്യാൻസലേഷൻ സൗകര്യങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചു. ഹവാനയിലെ ജോസ് മാർട്ടി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചൊവ്വാഴ്ച മുതൽ ഇന്ധനം ലഭ്യമാകില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. വെനിസ്വേലയിൽ നിന്നുള്ള ഇന്ധന വരവ് നിലച്ചതും രാജ്യത്തെ ഊർജ്ജ പ്രതിസന്ധിയുമാണ് അവസ്ഥയ്ക്ക് കാരണമെന്നും കമ്പനി വ്യക്തമാക്കി.

ഇന്ധനക്ഷാമത്തിനൊപ്പം വൈദ്യുതി തടസ്സവും ഭക്ഷണലഭ്യതയിലെ കുറവും കാരണം ക്യൂബയിലെ വിനോദസഞ്ചാര മേഖലയും പ്രതിസന്ധിയിലാണ്. പല പ്രമുഖ റിസോർട്ടുകളും താൽക്കാലികമായി അടച്ചുപൂട്ടിയതായി റിപ്പോർട്ടുകളുണ്ട്. നിലവിൽ വിമാനങ്ങൾ ഷെഡ്യൂൾ പ്രകാരം സർവീസ് നടത്തുമെങ്കിലും, ഇന്ധനം നിറയ്ക്കുന്നതിലെ തടസ്സങ്ങൾ സർവീസുകളെ ബാധിച്ചേക്കാം. കാനഡ സർക്കാർ നേരത്തെ തന്നെ ക്യൂബയിലേക്കുള്ള യാത്രക്കാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു.
