റെജൈന : റെജൈനയുടെ വിനോദസഞ്ചാര മേഖലയെ ആഗോളതലത്തിൽ ശ്രദ്ധേയമാക്കി ഹീറ്റഡ് റൈവൽറി’ (Heated Rivalry) വെബ് സീരീസ്. കാനഡയിൽ തരംഗമായ വെബ് സീരീസിൽ റെജൈന നഗരത്തെ പരാമർശിച്ചതിന്റെ പശ്ചാത്തലത്തിൽ, ഇത് നഗരത്തിന്റെ വിനോദസഞ്ചാര വികസനത്തിനായി ഉപയോഗിക്കണമെന്ന് റെജൈന നിവാസികൾ ആവശ്യപ്പെടുന്നു. പ്രശസ്ത എഴുത്തുകാരി റേച്ചൽ റീഡിന്റെ നോവലിനെ ആസ്പദമാക്കി ക്രേവ് ടിവി നിർമ്മിച്ച പരമ്പരയിൽ, പ്രധാന കഥാപാത്രങ്ങളായ ഷെയ്ൻ ഹോളണ്ടറും ഇല്യ റൊസാനോവും ആദ്യമായി കണ്ടുമുട്ടുന്നത് റെജൈനയിലെ ഐസ് ഹോക്കി സ്റ്റേഡിയത്തിന് പുറത്തുവെച്ചാണ്. ഓട്ടവ അടക്കമുള്ള മറ്റ് കനേഡിയൻ നഗരങ്ങൾ ഈ പരമ്പരയുടെ ഭാഗമായതിനെ വലിയ രീതിയിൽ ആഘോഷിക്കുമ്പോൾ, റെജൈന സിറ്റി ഈ അവസരം വേണ്ടവിധം ഉപയോഗിക്കുന്നില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. നിലവിൽ റെജൈന പബ്ലിക് ലൈബ്രറിയിൽ ഈ പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പുകൾക്ക് വൻ ഡിമാൻഡാണ് അനുഭവപ്പെടുന്നത്.

അന്താരാഷ്ട്ര ശ്രദ്ധ നേടിയ ഈ പരമ്പരയിലൂടെ റെജൈനയെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി ഉയർത്തിക്കാട്ടാൻ ടൂറിസം വകുപ്പിന് സാധിക്കുമെന്നും നിവാസികൾ ചൂണ്ടിക്കാട്ടി. എന്നാൽ നഗരത്തെ കൃത്യമായി ചിത്രീകരിക്കുന്നില്ല എന്ന കാരണത്താൽ നിലവിൽ മാർക്കറ്റിങ് ക്യാംപെയ്നുകൾ ഒന്നും തന്നെ പ്ലാൻ ചെയ്യുന്നില്ലെന്നാണ് ടൂറിസം വിഭാഗത്തിന്റെ വിശദീകരണം. ക്വീയർ (Queer) പ്രണയകഥ പറയുന്ന ഈ സീരീസ് കാനഡയിലെ വാഹന വ്യവസായ നയങ്ങൾക്കും സാമ്പത്തിക ചർച്ചകൾക്കും ഇടയിൽ സാംസ്കാരികമായ ഒരു ഉണർവ്വ് നൽകുന്നതായും വിലയിരുത്തപ്പെടുന്നു.
