Monday, February 9, 2026

അതിവേഗ റെയിൽപാത; കാനഡയുടെ പവർ ഗ്രിഡിന് വൻ വെല്ലുവിളി ഉയർത്തിയേക്കുമെന്ന് സൂചന

ഓട്ടവ: കാനഡയിൽ വരാനിരിക്കുന്ന അതിവേഗ റെയിൽപാത രാജ്യത്തിൻ്റെ ഗതാഗത മേഖലയിൽ വിപ്ലവം സൃഷ്ടിക്കുമെന്നു കരുതുമ്പോഴും, അത് പവർ ഗ്രിഡിലുണ്ടാക്കാൻ പോകുന്ന വലിയ ആഘാതത്തെക്കുറിച്ച് ആശങ്കകൾ ശക്തമാകുന്നു. ട്രെയിനുകൾ മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിൽ കുതിച്ചുപായാൻ വൻതോതിൽ വൈദ്യുതി ആവശ്യമാണെന്നതാണ് പ്രധാന വെല്ലുവിളി.

വിദഗ്ധരുടെ കണക്കുകൂട്ടൽ പ്രകാരം ഓരോ ട്രെയിനും ഓടിക്കാൻ ഏകദേശം 50 മെഗാവാട്ട് വൈദ്യുതി ആവശ്യമാണ്. ഇത് ഒൻ്റാരിയോ, കെബെക്ക് എന്നീ പ്രവിശ്യകളുടെ മൊത്തം വൈദ്യുതി ശേഷിയുടെ ഒരു മുതൽ മൂന്ന് ശതമാനം വരെ വരും. നിലവിൽ തന്നെ ഇലക്ട്രിക് വാഹനങ്ങളും എ.ഐ ഡാറ്റാ സെൻ്ററുകളും വർധിച്ചതോടെ കാനഡയുടെ പവർ ഗ്രിഡുകൾ വലിയ സമ്മർദ്ദത്തിലാണ്. ഈ സാഹചര്യത്തിൽ പുതിയ റെയിൽപാത കൂടി വരുന്നതോടെ നിലവിലുള്ള പവർ സ്റ്റേഷനുകൾക്കും ട്രാൻസ്മിഷൻ ലൈനുകൾക്കും അത് താങ്ങാനായെന്നു വരില്ല. ഇതിനായി പുതിയ പവർ സബ്സ്റ്റേഷനുകളും അടിസ്ഥാന സൗകര്യങ്ങളും വലിയ ചിലവിൽ നിർമ്മിക്കേണ്ടി വരും.

2055-ഓടെ വർഷം തോറും 2.4 കോടി യാത്രക്കാരെ ഈ പാത വഴി കൊണ്ടുപോകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വകാര്യ വാഹനങ്ങളുടെയും വിമാനങ്ങളുടെയും ഉപയോഗം കുറയ്ക്കാനും അതുവഴി പരിസ്ഥിതിക്ക് ദോഷകരമായ കാർബൺ പുറന്തള്ളൽ നിയന്ത്രിക്കാനും ഈ പദ്ധതി സഹായിക്കുമെന്ന് ഇതിനെ അനുകൂലിക്കുന്നവർ പറയുന്നു.എന്നാൽ, ട്രെയിൻ ഓടിക്കാൻ ആവശ്യമായ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത് പരിസ്ഥിതിക്ക് മറ്റൊരു തരത്തിൽ ആഘാതമുണ്ടാക്കുമെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. ആണവോർജ്ജം പോലുള്ള കൂടുതൽ കാര്യക്ഷമമായ ഊർജ്ജസ്രോതസ്സുകൾ ഉപയോഗിക്കാതെ ഈ പ്രതിസന്ധി മറികടക്കാനാവില്ലെന്നാണ് ഒരു വിഭാഗത്തിൻ്റെ പക്ഷം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!