Monday, February 9, 2026

വിപണിയെ ‘ഞെട്ടിച്ച്’ കല്യാണ്‍ ജ്വല്ലേഴ്‌സ്; ഒറ്റ ദിവസം 12% കുതിപ്പ്

കൊച്ചി: കല്യാണ്‍ ജ്വല്ലേഴ്‌സ് ഇന്ത്യ ലിമിറ്റഡിന്റെ ഓഹരി വിലയില്‍ ഇന്ന് 13 ശതമാനത്തോളം വര്‍ധന രേഖപ്പെടുത്തി. ഒരാഴ്ചയ്ക്കിടെ 17 ശതമാനത്തിന്റെ വര്‍ധനവാണ് ഓഹരിയിലുണ്ടായത്. കമ്പനിയുടെ പ്രവര്‍ത്തന വരുമാനം മുന്‍ വര്‍ഷത്തെ 7,278.09 കോടി രൂപയില്‍ നിന്ന് 42.11 ശതമാനം വര്‍ധിച്ച് 10,343.41 കോടി രൂപയിലെത്തി. ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണാഭരണങ്ങള്‍ക്കുണ്ടായ ഉയര്‍ന്ന ഡിമാന്‍ഡും മൂന്നാം പാദത്തില്‍ പുതുതായി ആരംഭിച്ച 21 ഷോറൂമുകളും വരുമാനം വര്‍ധിക്കാന്‍ സഹായിച്ചു. ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാത്രം 9,048 കോടി രൂപയാണ് കമ്പനി നേടിയത്.

അന്താരാഷ്ട്ര വിപണിയിലും, പ്രത്യേകിച്ച് മിഡില്‍ ഈസ്റ്റ് മേഖലയില്‍ കമ്പനി മികച്ച പ്രകടനം കാഴ്ചവെച്ചു. മിഡില്‍ ഈസ്റ്റിലെ വരുമാനം 28 ശതമാനം വര്‍ധിച്ച് 1,072.6 കോടി രൂപയായി. അന്താരാഷ്ട്ര ബിസിനസില്‍ നിന്നുള്ള ലാഭത്തില്‍ 64 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാല്‍ ഓസ്വാള്‍ കല്യാണ്‍ ജ്വല്ലേഴ്‌സിന് 600 രൂപ ലക്ഷ്യവില നിശ്ചയിച്ച് ‘ബയ്’ റേറ്റിംഗ് നല്‍കിയിട്ടുണ്ട്. ദക്ഷിണേന്ത്യയ്ക്ക് പുറത്തുള്ള വിപണികളിലെ വിജയവും ഫ്രാഞ്ചൈസി മോഡലിലുള്ള വിപുലീകരണവും കമ്പനിയെ കൂടുതല്‍ കരുത്തരാക്കിയെന്ന് ബ്രോക്കറേജ് വിലയിരുത്തുന്നു.

ഇന്ത്യ-യുഎസ് വ്യാപാര കരാറില്‍ ആഭരണ മേഖലയ്ക്ക് ലഭിച്ച ഇളവുകള്‍ കല്യാണ്‍ ജ്വല്ലേഴ്‌സിന് പുറമെ വൈഭവ് ഗ്ലോബല്‍, സെന്‍കോ ഗോള്‍ഡ് തുടങ്ങിയ മറ്റ് ജ്വല്ലറി ഓഹരികള്‍ക്കും കരുത്തായി. റെക്കോര്‍ഡ് ഉയരത്തില്‍ നിന്നിരുന്ന സ്വര്‍ണവിലയില്‍ കുറവുണ്ടായതും നിക്ഷേപകരെ ആഭരണ വിപണിയിലേക്ക് ആകര്‍ഷിച്ചിട്ടുണ്ട്. വരും പാദങ്ങളിലും സമാനമായ വളര്‍ച്ച നിലനിര്‍ത്താന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് കമ്പനി നേതൃത്വം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!