ഓട്ടവ: ഫെഡറൽ സർക്കാർ ജീവനക്കാർ ആഴ്ചയിൽ നാല് ദിവസം ഓഫീസിലിരുന്ന് ജോലി ചെയ്യണമെന്ന പുതിയ നിബന്ധനയായ റിട്ടേൺ-ടു-ഓഫീസ് പുനഃപരിശോധിക്കണമെന്ന് ലിബറൽ എം.പി ബ്രൂസ് ഫാൻജോയ്. പുതിയ ഉത്തരവ് നടപ്പിലാക്കുന്നത് സർക്കാരിനും പൗരന്മാർക്കും കൂടുതൽ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നും മലിനീകരണം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ നിർദ്ദേശപ്രകാരം മെയ് 4 മുതൽ ഉന്നത ഉദ്യോഗസ്ഥർ ആഴ്ചയിൽ അഞ്ച് ദിവസവും, ജൂലൈ 6 മുതൽ മറ്റ് ജീവനക്കാർ ആഴ്ചയിൽ നാല് ദിവസവും നിർബന്ധമായും ഓഫീസിൽ ഹാജരാകണം.
ജീവനക്കാരുടെ പ്രവർത്തനക്ഷമതയും പരസ്പര സഹകരണവും വർദ്ധിപ്പിക്കാനാണ് ഈ നീക്കമെന്നാണ് ട്രഷറി ബോർഡിന്റെ വിശദീകരണം. എന്നാൽ, എല്ലാവർക്കും ഒരേപോലെ ബാധകമായ ഇത്തരമൊരു നിയമം ഉൽപ്പാദനക്ഷമത കൂട്ടുമെന്നതിന് തെളിവുകളില്ലെന്ന് ബ്രൂസ് ഫാൻജോയ് പ്രതികരിച്ചു. റിമോട്ട് വർക്കും ഓഫീസ് ജോലിയും ചേർന്നുള്ള ‘ഹൈബ്രിഡ് മോഡൽ’ ആണ് രാജ്യത്തിന് കൂടുതൽ അനുയോജ്യമെന്നും, ഇത് ജീവനക്കാരുടെ ജോലി-ജീവിത സന്തുലിതാവസ്ഥ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സർക്കാരിന്റെ ഈ ഏകപക്ഷീയമായ തീരുമാനത്തിനെതിരെ പബ്ലിക് സർവീസ് അലയൻസ് ഓഫ് കാനഡ (PSAC) തൊഴിൽ ബോർഡിൽ പരാതി നൽകി. യൂണിയനുകളുമായോ ജീവനക്കാരുമായോ ചർച്ച നടത്താതെയാണ് സർക്കാർ പുതിയ ഓഫീസ് നിബന്ധനകൾ പ്രഖ്യാപിച്ചതെന്ന് സംഘടന ആരോപിച്ചു. പുതിയ പോളിസി നടപ്പിലാക്കുന്നതിന് മുൻപ് തൊഴിലാളി പ്രതിനിധികളുമായി ചർച്ച നടത്തണമെന്നാണ് യൂണിയനുകളുടെ ആവശ്യം.
