വാഷിങ്ടൺ: ആഫ്രിക്കയിലെ നിർണ്ണായക ധാതുസമ്പത്തിന്മേൽ ആധിപത്യം ഉറപ്പിക്കാൻ ചൈനയുമായി നേരിട്ട് ഏറ്റുമുട്ടാൻ തന്ത്രങ്ങളുമായി യു.എസ്. കോപ്പർ, കൊബാൾട്ട് തുടങ്ങിയ ലോഹങ്ങളുടെ വിതരണ ശൃംഖല പിടിച്ചെടുക്കാൻ ഓഫ് ടേക്ക്കരാറുകളും സർക്കാർ ഫണ്ടിംഗും ആയുധമാക്കിയാണ് യു.എസ് കളത്തിലിറങ്ങുന്നത്. കേപ് ടൗണിൽ നടക്കുന്ന മൈനിംഗ് ഇൻഡാബ ഉച്ചകോടിക്ക് മുന്നോടിയായാണ് വ്യാപാരനീക്കങ്ങൾ സജീവമായത്. വ്യാവസായിക സാന്നിധ്യത്തേക്കാളുപരി സാമ്പത്തിക ശക്തിയായി മാറിയാണ് ചൈനീസ് കമ്പനികൾ ആഫ്രിക്കൻ രാജ്യങ്ങളിൽ നേരിട്ട് ഖനികൾ സ്ഥാപിച്ച് പ്രവർത്തിക്കുന്നത്. ഖനനത്തിലെ വ്യാവസായിക, രാഷ്ട്രീയ താത്‌പര്യങ്ങൾ ഒഴിവാക്കി ഖനികളിലെ ഉത്‌പന്നങ്ങൾ മുൻകൂട്ടി സ്വന്തമാക്കാനുള്ള കരാറുകളിലൂടെ വിതരണ ശൃംഖല നിയന്ത്രിക്കാനാണ് യു.എസിൻ്റെ ശ്രമം. ലോകത്തിലെ കൊബാൾട്ട് ഉത്‌പാദനത്തിന്റെ 70 ശതമാനവും കൈകാര്യം ചെയ്യുന്ന ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലാണ് അമേരിക്കയുടെ പ്രധാന ശ്രദ്ധ. കോംഗോയിലെ സർക്കാർ ഉടമസ്ഥതയിലുള്ള ഖനന കമ്പനിയായ ജെകാമിൻസ്, തങ്ങളുടെ കോപ്പർ ഉത്‌പാദനത്തിൽ ഏകദേശം 1,00,000 ടൺ ഈ വർഷം അമേരിക്കൻ വിപണിയിലേക്ക് എത്തിക്കാനുള്ള ഒരുക്കത്തിലാണ്. ചൈനീസ് കമ്പനിയായ CMOC-യുമായുള്ള കരാറിലൂടെയാണ് ഇത് സാധ്യമായത്.

ട്രേഡിംഗ് ഭീമനായ മെർക്യൂറിയയുമായി ചേർന്ന് തങ്ങളുടെ താത്‌പര്യങ്ങൾ സംരക്ഷിക്കുന്ന ശൃംഖലകൾ വികസിപ്പിക്കുന്നതിലും യു.എസ് ഇപ്പോൾ ശ്രദ്ധവച്ചു തുടങ്ങിയിട്ടുണ്ട്. പതിറ്റാണ്ടുകളായി കോംഗോയിലെയും സാംബിയയിലെയും പ്രധാന ഖനികളെല്ലാം ചൈനീസ് കമ്പനികളുടെ നിയന്ത്രണത്തിലാണ്. 2024-ൽ മാത്രം കോംഗോ 3.3 ദശലക്ഷം മെട്രിക് ടൺ കോപ്പർ ഉത്‌പാദിപ്പിച്ചിരുന്നു. ഇതിൽ ഭൂരിഭാഗവും ചൈനയിലേക്കാണ് കൊണ്ടുപോയത്. ബിൽ ഗേറ്റ്സ്, ജെഫ് ബെസോസ് തുടങ്ങിയ വൻകിട ലോക വ്യാപാരികളുടെ പിന്തുണയുള്ള കോബോൾഡ് മെറ്റൽസ് കമ്പനി ആഫ്രിക്കയിൽ നിർണ്ണായക പര്യവേക്ഷണങ്ങൾ നടത്തുന്നുണ്ടെങ്കിലും, നിയമപരമായ തർക്കങ്ങളുള്ള സ്ഥലങ്ങളിൽ ഖനനം തുടങ്ങാൻ അവർ തയ്യാറാകുന്നില്ല. അതേ സമയം ചൈനീസ് കമ്പനികളാണെങ്കിൽ ഇത്തരം തർക്കങ്ങളിലൊന്നും ശ്രദ്ധിക്കാതെ വേഗത്തിൽ ഉത്‌പാദനം തുടങ്ങുന്നതിനാൽ വിപണിയിൽ ആധിപത്യം ലഭിക്കുന്ന സാഹചര്യവുമുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററികൾക്കും പുനരുപയോഗ ഊർജ്ജ സംവിധാനങ്ങൾക്കും കൊബാൾട്ടും കോപ്പറും അത്യന്താപേക്ഷിതമാണ്. ഇവയുടെ നിയന്ത്രണം കൈക്കലാക്കാൻ വിവിധ രാജ്യങ്ങൾ മത്സരിക്കുന്നത് വരും ദശകങ്ങളിൽ ആഗോള സാമ്പത്തിക-പ്രതിരോധ മേഖലകളിൽ ഏറെ നിർണ്ണായകമാകുന്ന ഇടപെടലാകുമെന്ന് വിദഗ്ധർ പറയുന്നു.
