ഓട്ടവ : അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള വ്യാപാര തർക്കങ്ങൾക്കിടയിലും 14 അധിക എഫ്-35 യുദ്ധവിമാനങ്ങൾക്കായുള്ള പ്രാഥമിക പേയ്‌മെന്റുകൾ കാനഡ ആരംഭിച്ചതായി റിപ്പോർട്ട്. നേരത്തെ കരാർ ഒപ്പിട്ട 16 വിമാനങ്ങൾക്ക് പുറമെയാണിത്. വിതരണ ശൃംഖലയിലെ മുൻഗണന നിലനിർത്താനാണ് രഹസ്യമായി പണം കൈമാറിയതെന്നാണ് സൂചന. എന്നാൽ, യുഎസ് ഉൽപ്പന്നങ്ങളെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കാൻ സ്വീഡിഷ് വിമാനമായ ‘ഗ്രിപ്പൻ’ കൂടി ഉൾപ്പെടുത്തി മിക്സഡ് ഫ്ലീറ്റ് രൂപീകരിക്കുന്നതിനെക്കുറിച്ച് മാർക്ക് കാർണി സർക്കാർ ആലോചിക്കുന്നുണ്ട്.

കാനഡയുടെ ഉരുക്ക്, അലുമിനിയം മേഖലകളിൽ ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ നികുതി വർധനയെത്തുടർന്ന് വിമാനക്കരാർ പുനഃപരിശോധിക്കുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഫണ്ട് അനുവദിച്ച കാര്യം പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വ്യാപാര ചർച്ചകളിൽ ഒരു വിലപേശൽ സഹായിയായി ഈ വിമാനക്കരാറിനെ പ്രധാനമന്ത്രി കാർണി ഉപയോഗിക്കുന്നുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. വിമാനങ്ങൾക്കായി അമേരിക്കയെ മാത്രം ആശ്രയിക്കുന്നത് കാനഡയുടെ പരമാധികാരത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ കക്ഷിയായ എൻഡിപി ഈ കരാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
