ഓട്ടവ : ഗുരുതര കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട വിദേശപൗരന്മാരെ കാനഡയിൽ അഭയം തേടുന്നതിൽ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് കൺസർവേറ്റീവ് പാർട്ടി ഇന്ന് പാർലമെന്റിൽ പ്രമേയം അവതരിപ്പിക്കും. കോടതികളിൽ കേസുകൾ നിലവിലുള്ളവർക്ക് അഭയാർത്ഥി അപേക്ഷ നൽകാനുള്ള അനുമതി നിഷേധിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വിദേശികളെ ഉടനടി നാടുകടത്തണമെന്നും കനേഡിയൻ നികുതിപ്പണം വിദേശ കുറ്റവാളികളുടെ പുനരധിവാസത്തിനായി ചെലവഴിക്കരുതെന്നും കൺസർവേറ്റീവ് നേതാവ് പിയറി പൊളിയേവ് വ്യക്തമാക്കി.

രാജ്യത്ത് വർധിച്ചുവരുന്ന ഭീഷണിപ്പെടുത്തി പണം തട്ടൽ കേസുകളും അയഞ്ഞ ജാമ്യ നിയമങ്ങളും ചൂണ്ടിക്കാട്ടിയാണ് ഈ നീക്കം. ബ്രിട്ടിഷ് കൊളംബിയ പ്രീമിയർ ഡേവിഡ് എബിയും പല പ്രമുഖ നഗരങ്ങളിലെ മേയർമാരും അഭയാർത്ഥി നിയമങ്ങളിലെ പഴുതുകൾ അടയ്ക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ഇമിഗ്രേഷൻ, നീതിന്യായ വ്യവസ്ഥകളിൽ വലിയ മാറ്റങ്ങൾ വേണമെന്നാണ് കൺസർവേറ്റീവ് പാർട്ടിയുടെ വാദം.
