Tuesday, February 10, 2026

ഗുരുതര അച്ചടക്ക ലംഘനങ്ങളിൽ കടുത്ത നടപടി:145 ഫെഡറൽ ജീവനക്കാരെ പിരിച്ചുവിട്ടു; 783 പേർക്ക്‌ സസ്‌പെൻഷൻ

ഓട്ടവ: ഒരു വർഷത്തിനിടെയുണ്ടായ ഗുരുതരമായ അച്ചടക്ക ലംഘനങ്ങളുമായി ബന്ധപ്പെട്ട്‌ 145 ഫെഡറൽ ജീവനക്കാരെ പിരിച്ചുവിട്ടു. 2,600-ലധികം കേസുകളിലായി കുറ്റക്കാരെന്നു കണ്ടെത്തിയവർക്കെതിരെയാണ്‌ കടുത്ത ശിക്ഷാനടപടികൾ. വിവിധ ആരോപണങ്ങളിൽ 783 പേർക്ക്‌ സസ്‌പെൻഷനും ലഭിച്ചു. ഇവർക്ക്‌ ശമ്പളം ലഭിക്കില്ല. സർക്കാർ ഉദ്യോഗസ്ഥർ ഏർപ്പെട്ട കുറ്റകൃത്യങ്ങൾ അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഡ്യൂട്ടിയിലെ അശ്രദ്ധ, ലഹരി ഉപയോഗിക്കുക, സർക്കാർ ഫണ്ട് സ്വന്തം അക്കൗണ്ടു കളിലേക്ക് മാറ്റുക, വ്യാജ ചെലവുകൾ കാണിക്കുക, രഹസ്യ വിവരങ്ങൾ ചോർത്തുക, പൊതുജനങ്ങളുടെ നികുതി രേഖകളും രഹസ്യ വിവരങ്ങളും അനധികൃതമായി പരിശോധിക്കുകയും പുറത്തുവിടുകയും ചെയ്യുക, സഹപ്രവർത്തകർക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ, വംശീയ അധിക്ഷേപം, ജോലിസ്ഥലത്തെ അക്രമം തുടങ്ങിയ സംഭവങ്ങളിലാണിത്‌. ഏകദേശം 38 സർക്കാർ വകുപ്പുകളിൽ നിന്നുള്ള വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. ഇതിൽ അഞ്ച് പ്രധാന വകുപ്പുകളിലാണ് കൂടുതൽ കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എംപ്ലോയ്‌മെന്റ് ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് (ESDC) വിഭാഗത്തിൽ 680 കേസുകൾ, കറക്ഷണൽ സർവീസ് കാനഡ (CSC) 400 കേസുകൾ, കാനഡ റവന്യൂ ഏജൻസി (CRA): 266 കേസുകൾ, കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA) 231 കേസുകൾ, ആർ.സി.എം.പി (RCMP – ഫെഡറൽ പോലീസ്) 158 കേസുകൾ എന്നിങ്ങനെയാണ്‌ റിപ്പോർട്ട്‌ ചെയ്‌തിരിക്കുന്നത്‌. പിരിച്ചുവിടലുകളുടെ എണ്ണത്തിൽ കാനഡ റവന്യൂ ഏജൻസി (CRA) ആണ് മുന്നിൽ (25 പേർ). കൂടാതെ, കോവിഡ് കാലത്തെ ആനുകൂല്യമായ CERB തുക തട്ടിപ്പ് വഴി കൈപ്പറ്റിയതിന് ഇതേ ഏജൻസിയിലെ 78 പേരെ കൂടി പിരിച്ചുവിട്ടിട്ടുണ്ട്.

ജീവനക്കാർക്ക്‌ 705 മെമ്മോകളും 1,048 മറ്റ് അച്ചടക്ക നടപടികളും നേരിടേണ്ടി വന്നു. ഇതിൽ തരംതാഴ്‌ത്തലും പ്രൊബേഷൻ റദ്ദാക്കലുമുൾപ്പെടെയുണ്ട്‌. കനേഡിയൻ റേഡിയോ ടെലിവിഷൻ ആന്റ് ടെലികമ്മ്യൂണിക്കേഷൻ കമ്മിഷൻ, പബ്‌ളിക്ക് സർവീസ് കമ്മിഷൻ ഒഫ് കാനഡ എന്നിവയിലാണ് ഏറ്റവും കുറവ് അച്ചടക്ക നടപടിയുണ്ടായത്‌. ഒരെണ്ണം വീതം.നികുതിപ്പണത്തിൽ നിന്ന് ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥർ കൃത്യമായി ജോലി ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ കൂടുതൽ സുതാര്യത ഉറപ്പുവരുത്തേണ്ടതുണ്ടെന്ന്‌ കനേഡിയൻ ടാക്സ് പേയേഴ്സ് ഫെഡറേഷൻ (CTF) ഡയറക്ടർ ഫ്രാങ്കോ ടെറാസാനോ പറഞ്ഞു. ഉദ്യോഗ സ്ഥരുടെ ഈ മോശം പ്രവണതകൾക്കെതിരെ പൊതുജനങ്ങളിൽ നിന്നും കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്‌.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!