ഹാലിഫാക്സ്: നോവസ്കോഷ പവറിൽ കഴിഞ്ഞ വർഷമുണ്ടായ സൈബർ ആക്രമണത്തെക്കുറിച്ച് രണ്ട് ഘട്ടങ്ങളിലായി അന്വേഷണം നടത്താൻ പ്രവിശ്യാ എനർജി റെഗുലേറ്റർ ഏജൻസി പദ്ധതിയിടുന്നു. 2025 മാർച്ചിൽ നടന്ന സൈബർ ആക്രമണത്തിൽ ഏകദേശം 2,80,000 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നതായാണ് റിപ്പോർട്ട്. റഷ്യ ആസ്ഥാനമായുള്ള ഹാക്കർമാരാണ് ഇതിന് പിന്നിലെന്ന് കമ്പനി ഉദ്യോഗസ്ഥർ പറഞ്ഞു. ആക്രമണത്തിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ചാണ് ആദ്യഘട്ടത്തിൽ അന്വേഷണം നടത്തുക.
അതേസമയം, സൈബർ ആക്രമണത്തെത്തുടർന്ന് പവർ മീറ്ററുകളുമായുള്ള കണക്ഷൻ തടസ്സപ്പെട്ട സാഹചര്യത്തിൽ കമ്പനി എങ്ങനെയാണ് വൈദ്യുതി ബില്ലുകൾ കണക്കാക്കിയതെന്നും എനർജി ബോർഡ് പരിശോധിക്കും. സൈബർ ആക്രമണത്തിന് പിന്നാലെ അമിത ബില്ലുകൾ ലഭിക്കുന്നതായും ഒരേ സമയം ഒന്നിലധികം തവണ ചാർജ് ഈടാക്കുന്നതായും പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ഈ നീക്കം.

ബില്ലിങ്ങിലെ അപാകതകളെക്കുറിച്ച് പ്രീമിയർ ടിം ഹൂസ്റ്റൺ നേരത്തെ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. വൈദ്യുതി ബില്ലുകൾ പെട്ടെന്ന് വർധിച്ചതിൽ പൊതുജനങ്ങൾക്ക് വലിയ ആശങ്കയുണ്ടെന്നും കമ്പനി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ശൈത്യകാലത്തെ അടിസ്ഥാനമാക്കിയാണ് ബില്ലുകൾ കണക്കാക്കിയതെന്നാണ് കമ്പനിയുടെ വിശദീകരണം. എന്നാൽ ജൂലൈയിൽ നടക്കാനിരിക്കുന്ന അന്വേഷണത്തിൽ ബില്ലിങ് രീതികളും വിവരശേഖരണവും ഉൾപ്പെടെയുള്ള കാര്യങ്ങൾ കൂടുതൽ വ്യക്തമാകും. അതേസമയം, കമ്പനിക്കെതിരെ ഉപഭോക്താക്കൾ കൂട്ടഹർജി നൽകാനും ഒരുങ്ങുന്നുണ്ട്. ഇതിനിടെ വൈദ്യുതി നിരക്ക് വർധിപ്പിക്കാനുള്ള നീക്കവും നടക്കുന്നത് ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
