വാഷിംങ്‌ടൺ: അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ട എപ്‌സ്‌റ്റീൻ രേഖകളിൽ 6 പ്രമുഖരുടെ പേരുകൾ മനഃപൂർവ്വം മറച്ചുപിടിച്ചിരിക്കുകയാണെന്ന ആരോപണവുമായി റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗം തോമസ് മാസ്സി. എഡിറ്റ് ചെയ്യാത്ത ഫയലുകൾ നേരിട്ട് പരിശോധിച്ച ശേഷമാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്. മാസ്സിയുടെ വിവരണമനുസരിച്ച് ഈ പട്ടികയിൽ ഉൾപ്പെടുന്നത് ഒരു യു.എസ് പൗരൻ, ഒരു വിദേശ രാജ്യത്തെ ഉയർന്ന ഉദ്യോഗസ്ഥൻ, ഒരു വിദേശി എന്നിവരാകാമത്. പ്രശസ്‌ത കമ്പനിയിലെ സി.ഇ.ഒ, ഒരു സുൽത്താൻ എന്നിവരുടെ പേരുകളും ലിസ്‌റ്റിലുണ്ടെന്ന് മാസ്സി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ സൂചിപ്പിച്ചു. നീതിന്യായ വകുപ്പ് ഈ പേരുകൾ പരസ്യപ്പെടുത്തിയില്ലെങ്കിൽ, കോൺഗ്രസ് അംഗങ്ങൾക്ക് ലഭിക്കുന്ന പ്രത്യേക അവകാശം ഉപയോഗിച്ച് താൻ നേരിട്ട് ഈ പേരുകൾ സഭയിൽ വെളിപ്പെടുത്തുമെന്ന് മാസ്സി മുന്നറിയിപ്പ് നൽകി.

ഇതിനിടെ എപ്‌സ്‌റ്റീനുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന അമേരിക്കൻ കൊമേഴ്‌സ് സെക്രട്ടറി ഹോവാർഡ് ലുട്‌നിക്ക് രാജിവെക്കണമെന്ന ആവശ്യം ശക്തമായി. കുറ്റകൃത്യങ്ങളിൽ പങ്കാളികളായവരെ സംരക്ഷിക്കാനാണ് നീതിന്യായ വകുപ്പ് ശ്രമിക്കുന്നതെന്നും ജനങ്ങൾക്ക് സത്യമറിയാൻ അവകാശമുണ്ടെന്നും തോമസ് മാസ്സി പറഞ്ഞു. വിവാദങ്ങൾക്കിടെ എപ്‌സ്‌റ്റീൻ കേസിൽ ഉൾപ്പെട്ട അതിജീവിത വിർജീനിയ ഗിഫ്രെയുടെ ഓർമ്മയ്ക്കായി പുതിയ നിയമം ഡെമോക്രാറ്റിക് നേതാവ് ചക്ക് ഷുമർ പ്രഖ്യാപിച്ചിട്ടുണ്ട്. ലൈംഗിക അതിക്രമ കേസുകളിൽ പരാതി നൽകാനുള്ള കാലപരിധി ഒഴിവാക്കുന്നതാണ് ഈ നിയമം. 2025 ഏപ്രിലിൽ വിർജീനിയ ആത്മഹത്യ ചെയ്തിരുന്നു.
