ഓട്ടവ: കാനഡയിൽ ഈ വർഷം വീട് വിൽപ്പനയിൽ വർദ്ധനവുണ്ടാകുമെന്ന് ദേശീയ ഭവന ഏജൻസിയായ സിഎംഎച്ച്സി (CMHC). ഒന്റാരിയോ, ബ്രിട്ടിഷ് കൊളംബിയ എന്നീ പ്രവിശ്യകളിലാകും പ്രധാനമായും ഈ മുന്നേറ്റം പ്രകടമാകുക. കഴിഞ്ഞ ദശകങ്ങളിലെ ഏറ്റവും കുറഞ്ഞ വിൽപ്പന രേഖപ്പെടുത്തിയ ഈ മേഖലകളിൽ വിപണി തിരിച്ചുവരവിന്റെ പാതയിലാണെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. എങ്കിലും സാമ്പത്തിക വളർച്ച മന്ദഗതിയിലായതിനാൽ, ഭവന വിപണിയിലെ ഡിമാൻഡ് ചരിത്രപരമായ ശരാശരിയേക്കാൾ താഴെയായി തന്നെ തുടരാനാണ് സാധ്യത.
ഏജൻസിയുടെ കണക്കുകൂട്ടൽ പ്രകാരം 2026-ൽ കാനഡയിൽ 5 ലക്ഷത്തിനടുത്ത് വീടുകൾ വിറ്റഴിക്കപ്പെടും. ഇതിന്റെ ശരാശരി വില 5.89 കോടി ഡോളറായിരിക്കുമെന്ന് ഏജൻസി വ്യക്തമാക്കി. 2025-ൽ നാല് ലക്ഷത്തോളം വീടുകൾ ശരാശരി 5 കോടി ഡോളറിനാണ് വിറ്റുപോയത്. എന്നാൽ പുതിയ വീടുകളുടെ നിർമ്മാണത്തിൽ കുറവുണ്ടാകാൻ സാധ്യതയുണ്ട്. ഉയർന്ന നിർമ്മാണച്ചെലവ്, കുറഞ്ഞ ഡിമാൻഡ്, വിൽക്കാതെ കിടക്കുന്ന വീടുകളുടെ എണ്ണത്തിലുണ്ടായ വർധന എന്നിവ കാരണം 2025-ലെ 2,59,000 യൂണിറ്റുകളിൽ നിന്ന് 2,47,000 ആയി നിർമ്മാണം കുറഞ്ഞേക്കാം.

അതേസമയം, രാജ്യം ഒരു സാമ്പത്തിക മാന്ദ്യത്തിലേക്ക് (Recession) നീങ്ങുകയാണെങ്കിൽ ഈ കണക്കുകളിൽ ഇടിവുണ്ടാകുമെന്ന് ഏജൻസി മുന്നറിയിപ്പ് നൽകുന്നു. അങ്ങനെയെങ്കിൽ വിൽപ്പന 4,80,000 ആയി കുറയുകയും ശരാശരി വില 6.25 കോടി ഡോളറിൽ ഒതുങ്ങുകയും ചെയ്യും. നിർമ്മാണ മേഖലയിലും ഇതിന്റെ പ്രതിഫലനമുണ്ടാകും. നിലവിൽ ഭവന വിപണിയിൽ വലിയൊരു കുതിച്ചുചാട്ടത്തേക്കാൾ ഉപരിയായി, സാവധാനത്തിലുള്ള ഒരു തിരിച്ചുവരവാണ് ഏജൻസി പ്രതീക്ഷിക്കുന്നത്.
