മിലാൻ (ഇറ്റലി): 2026 മിലാൻ വിന്റർ ഒളിംപിക്‌സിൽ യു.എസിനായി സ്വർണ്ണമെഡൽ നേടിയ ഫിഗർ സ്കേറ്റിങ്ങ് താരം ആംബർ ഗ്ലെനും കനേഡിയൻ സംഗീതജ്ഞൻ സെബ് മക് കിനോണും തമ്മിലുള്ള പകർപ്പവകാശ തർക്കം ഒടുവിൽ രമ്യതയിലേക്ക്. ഞായറാഴ്ച നടന്ന ടീം മത്സര ഇനത്തിൽ ആംബർ ഗ്ലെൻ സ്വർണം നേടിയിരുന്നു. തന്റെ ഫ്രീ സ്കേറ്റിങ്ങ് പ്രകടനത്തിനായി സെബ് മക് കിനണിൻ്റെ “The Return” എന്ന ഗാനമാണ് ആംബർ ഉപയോഗിച്ചത്. എന്നാൽ തന്റെ അനുവാദമില്ലാതെയാണ് ഒളിമ്പിക്സ് വേദിയിൽ ഈ ഗാനം ഉപയോഗിച്ചതെന്ന് മക് കിനോൺ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചതോടെയാണ് സംഭവം വിവാദമായത്. വിവാദം ഉയർന്നതിനെത്തുടർന്ന് ആംബർ ഗ്ലെൻ നേരിട്ട് മക് കിനോണുമായി സംസാരിക്കുകയും പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്തു. സംഗീത അവകാശവുമായി ബന്ധപ്പെട്ട പ്രക്രിയ വളരെ സങ്കീർണ്ണമാണെന്നും എവിടയോ ഒരു പിശക് പറ്റിയെന്നും തോന്നുന്നതായും സംസാരിച്ച് കാര്യങ്ങൾ വ്യക്തമാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ആംബർ പ്രസ്‌താവനയിൽ അറിയിച്ചു. പ്രശ്‌നപരിഹാരത്തിന് പിന്നാലെ ആംബറിൻ്റെ സ്വർണ നേട്ടത്തിൽ മക് കിനോൺ അഭിനന്ദനമറിയിച്ചതോടെ ഇരുവർക്കുമിടയിലെ മഞ്ഞുരുകി.

ഫിഗർ സ്കേറ്റിങ്ങിൽ ഉപയോഗിക്കുന്ന പാട്ടുകൾക്ക് കൃത്യമായ പകർപ്പവകാശം നേടണമെന്നാണ് നിയമം. 2014-ൽ നിയമങ്ങളിൽ മാറ്റം വരുത്തി പുതിയ പാട്ടുകൾ ഉപയോഗിക്കാൻ അനുവാദം നൽകിയിരുന്നു. ഇതോടെയാണ് പകർപ്പവകാശവുമായി ബന്ധപ്പെട്ട തർക്കങ്ങൾ വർദ്ധിച്ചത്. മിക്കപ്പോഴും താരങ്ങൾ റെക്കോർഡ് ലേബലുകളിൽ നിന്നും അനുമതി വാങ്ങിക്കാറുണ്ടെങ്കിലും പക്ഷേ, അത് കലാകാരന്മാരിലേക്ക് കൃത്യമായി എത്താറില്ല. ആംബർ കഴിഞ്ഞ രണ്ട് വർഷമായി ഈ പാട്ടുപയോഗിച്ചാണ് മത്സരിച്ചത്. വിൻ്റർ ഒളിംപ്‌ക്‌സ് പോലുള്ള വലിയ വേദിയിലെത്തിയപ്പോഴാണ് പാട്ട് ശ്രദ്ധിക്കപ്പെട്ടതും വിവാദമായതും. സ്വർണ്ണമെഡൽ നേട്ടത്തിനിടയിലും ആംബർ ഗ്ലെൻ മറ്റു പ്രതിസന്ധികളിലൂടെ കടന്നു പോകുകയാണിപ്പോൾ. LGBTQ+ അവകാശങ്ങളെക്കുറിച്ച് സംസാരിച്ചതിന്റെ പേരിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അനുയായികളിൽ നിന്നും സോഷ്യൽ മീഡിയയിലൂടെ തനിക്ക് വധഭീഷണി ലഭിച്ചതായി അവർ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നിന്നും താൽക്കാലികമായി വിട്ടുനിൽക്കുകയാണ് ആംബർ.
