Tuesday, February 10, 2026

എപ്‌സ്‌റ്റീനിൽ ആടിയുലഞ്ഞ്‌ ബ്രിട്ടീഷ്‌ രാഷ്‌ട്രീയം; സ്‌റ്റാമെറിന്‌ പകരമെത്തുമോ ഷബാന മഹ്മൂദ്?

ലണ്ടൻ: അധികാരമേറ്റ് വെറും 19 മാസങ്ങൾ പിന്നിടുമ്പോൾ തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയെ അഭിമുഖീകരിച്ച്‌ ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്‌റ്റാമെർ. വിവാദ വ്യവസായി ജെഫ്രി എപ്‌സ്‌റ്റീനുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകൾക്ക്‌ പിന്നാലെയാണ്‌ സ്‌റ്റാമെറുടെ രാജി ആവശ്യപ്പെട്ടു കൊണ്ടുള്ള നീക്കം ശക്തമായത്‌. എപ്‌സീറ്റനിലുൾപ്പെട്ട വിവാദ നായകൻ പീറ്റർ മാൻഡൽസണെ അമേരിക്കയിലെ ബ്രിട്ടീഷ് അംബാസഡറായി നിയമിച്ചതാണ് സ്റ്റാർമറെ പ്രതിക്കൂട്ടിലാക്കിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട എപ്‌സ്‌റ്റീനുമായി മാൻഡൽസണ് അടുത്ത ബന്ധമുണ്ടായിരുന്നു എന്ന രേഖകൾ പുറത്തുവന്നതോടെയാണ്‌ വിവാദം കത്തിപ്പടർന്നത്‌. 2008-ലെ സാമ്പത്തിക മാന്ദ്യകാലത്ത് സർക്കാരിന്റെ അതീവ രഹസ്യവിവരങ്ങൾ മാൻഡൽസൺ എപ്‌സ്റ്റൈന് ചോർത്തി നൽകിയതായും അമേരിക്കൻ ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് പുറത്തുവിട്ട ഫയലുകൾ വെളിപ്പെടുത്തിയതും പ്രതിസന്ധി രൂക്ഷമാക്കി. തന്റെ എപ്‌സ്‌റ്റീൻ ബന്ധത്തെക്കുറിച്ച് മാൻഡൽസൺ തന്നോട് കള്ളം പറഞ്ഞതായി സ്റ്റാർമർ പിന്നീട് സമ്മതിച്ചിരുന്നു. ഇതിന്‌ പിന്നാലെ മാൻഡൽസണെ അംബാസഡർ സ്ഥാനത്തുനിന്ന് നീക്കുകയും അദ്ദേഹം ലേബർ പാർട്ടിയിൽ നിന്നും ഹൗസ് ഓഫ് ലോർഡ്‌സിൽ നിന്നും രാജിവെക്കുകയും ചെയ്തു. മാൻഡൽസണെ നിയമിക്കാൻ ഉപദേശിച്ച പ്രധാനമന്ത്രിയുടെ ചീഫ് ഓഫ് സ്റ്റാഫ് മോർഗൻ മക്‌സ്വീനി. കമ്മ്യൂണിക്കേഷൻസ് ചീഫ് ടിം അലൻ എന്നിവർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജിവെച്ചു. ഇതോടെ സ്റ്റാർമെർ ഭരണത്തിൽ ഏതാണ്ട്‌ ഒറ്റപ്പെട്ട അവസ്ഥയിലാണ്‌. പാർട്ടിക്കുള്ളിൽ പിന്തുണ നേടാൻ സ്റ്റാർമർ ശ്രമിക്കുമ്പോൾ ബ്രിട്ടനിലെ ആഭ്യന്തര സെക്രട്ടറി ഷബാന മഹമൂദ് സ്റ്റാർമറിന്റെ പിൻഗാമിയായേക്കു മെന്നുള്ള അഭ്യൂഹം വ്യാപകമായിരിക്കുകയാണ്. ആ പദവിയിലേക്ക്‌ എത്തുകയാണെങ്കിൽ ബ്രിട്ടനിലെ മുസ്ലിം വംശജയായ ആദ്യത്തെ പ്രധാനമന്ത്രിയാകും ഷബാന മഹ്മൂദ്. സ്റ്റാർമറുടെ പ്രധാന അനുകൂലി കൂടിയാണ് ഷബാന.

സ്കോട്ടിഷ് ലേബർ പാർട്ടി നേതാവ് അനസ് സർവാർ പരസ്യമായി സ്റ്റാർമറുടെ രാജി ആവശ്യപ്പെട്ടത് പാർട്ടിക്കുള്ളിലെ ഭിന്നത രൂക്ഷമാക്കി. അതേ സമയം എല്ലാ പോരാട്ടങ്ങളിലും താൻ വിജയിച്ചെന്നും തന്റെ ഉത്തരവാദിത്തങ്ങളിൽ നിന്ന് പിന്മാറില്ലെന്നുമായിരുന്നു ലേബർ എം.പിമാരുടെ അടിയന്തര യോഗത്തിൽ സ്റ്റാർമെർ പ്രഖ്യാപിച്ചത്. പൊലീസ്, കുടിയേറ്റം, ദേശീയ സുരക്ഷ എന്നിവയുടെ ചുമതലയുള്ള ആഭ്യന്തര വകുപ്പിൽ ഉന്നതസ്ഥാനം വഹിക്കുന്ന ആദ്യത്തെ മുസ്ലിം വനിതയാണ്‌ മഹമൂദ്. 1980 സെപ്റ്റംബർ 17 ന് ബർമിങ്ഹാമിൽ ജനിച്ച ഷബാനയുടെ മാതാപിതാക്കൾ പാക് അധിനിവേശ കശ്മീരിൽ നിന്നുള്ളവരാണ്. അഞ്ച് വയസ്സുവരെ ഷബാന കുടുംബ ത്തോടൊപ്പം സൗദി അറേബ്യയിലാണ് താമസിച്ചത്. 2024 ലെ പൊതുതിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയുടെ വിജയത്തെത്തുടർന്ന് നീതിന്യായ വകുപ്പ് സെക്രട്ടറിയും ലോർഡ് ചാൻസലറുമായി. 2025 ൽ മുൻ ആഭ്യന്തര സെക്രട്ടറി ഏയ്ഞ്ചല റെയ്‌നർ രാജി വെച്ചതിന് ശേഷം ആഭ്യന്തര സെക്രട്ടറിയായി നിയമിതയായി. ആഭ്യന്തര സെക്രട്ടറിയെന്ന നിലയിൽ, കുടിയേറ്റം, നിയമം, ക്രമം എന്നിവയുടെ ചുമതലയാണ്‌ വഹിച്ചത്‌. അതിർത്തി നിയന്ത്രണങ്ങൾ കർശനമാക്കുന്നതിനും അനധികൃത കുടിയേറ്റത്തിനെതിരെ നടപടിയെടുക്കണമെന്ന നിലപാടിലൂടെ അവർ ലേബർ പാർട്ടിയുടെ വലതുപക്ഷ വിഭാഗത്തിൻ്റെ മനസ്‌ കവർന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!