ന്യൂയോർക്ക് : ഓഹരി വിലയിൽ 18 ശതമാനത്തിന്റെ കൂറ്റൻ ഇടിവ് രേഖപ്പെടുത്തി ആഗോള റൈഡ് ഹെയ്‌ലിങ് ഭീമനായ ‘ലിഫ്റ്റ്’ (Lyft). കമ്പനിയുടെ വളർച്ചാ നിരക്ക് കുറയുന്നതും ഭാവിയിലെ ലാഭക്ഷമതയെക്കുറിച്ചുള്ള ആശങ്കകളുമാണ് ഓഹരി വിപണിയിൽ തിരിച്ചടിയായത്. പ്രമുഖ എതിരാളിയായ യൂബറിൽ (Uber) നിന്നുള്ള കടുത്ത മത്സരവും അമേരിക്കയിലെ മോശം കാലാവസ്ഥയും ‘ലിഫ്റ്റി’ന്റെ പ്രവർത്തനങ്ങളെ ബാധിച്ചു. 2025-ൽ കമ്പനി പ്രതീക്ഷിച്ചത്ര യാത്രക്കാരെ ലഭിച്ചില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 2023-ൽ 18.5 ശതമാനമായിരുന്ന വളർച്ചാ നിരക്ക് 2025-ഓടെ 14.2 ശതമാനമായി കുറഞ്ഞു.

വളർച്ച തിരിച്ചുപിടിക്കാനായി യൂറോപ്പിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുകയും ഓട്ടോണമസ് വെഹിക്കിൾസിൽ നിക്ഷേപം നടത്തുകയും ചെയ്യുന്നുണ്ടെങ്കിലും, ഇവയുടെ പ്രവർത്തനച്ചെലവ് കമ്പനിക്ക് വലിയ വെല്ലുവിളിയാണ്. വടക്കേ അമേരിക്കയിൽ മാത്രം കേന്ദ്രീകരിച്ചിരുന്ന ‘ലിഫ്റ്റ്’ അടുത്തിടെ ‘ഫ്രീനൗ’ഏറ്റെടുക്കുന്നതിലൂടെ രാജ്യാന്തര വിപണിയിലേക്ക് പ്രവേശിച്ചിരുന്നു. എന്നാൽ, യൂബറിന്റെ വിപണി മേധാവിത്വത്തിന് മുന്നിൽ പിടിച്ചുനിൽക്കാൻ ‘ലിഫ്റ്റി’ന് കൂടുതൽ കഠിനമായ നയങ്ങൾ നടപ്പിലാക്കേണ്ടി വരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
