Wednesday, February 11, 2026

രക്തം വേണ്ട, വേദനയുമില്ല; കാനഡയിൽ എച്ച്ഐവി കണ്ടെത്താൻ ഇനി ‘ഓറൽ സെൽഫ് ടെസ്റ്റ്’

ടൊറന്റോ : രക്തം പരിശോധിക്കാതെ തന്നെ ഉമിനീരിലൂടെ എച്ച്ഐവി (HIV) ബാധയുണ്ടോ എന്ന് കണ്ടെത്താവുന്ന അത്യാധുനിക ‘ഓറൽ സെൽഫ് ടെസ്റ്റ്’ കിറ്റിന് അനുമതി നൽകി ഹെൽത്ത് കാനഡ. അമേരിക്കൻ കമ്പനിയായ ഒറാഷുവർ ടെക്നോളജീസ് (OraSure Technologies) വികസിപ്പിച്ച ‘ഓറാക്വിക്ക്’ (OraQuick) എന്ന പരിശോധനാ കിറ്റാണ് കാനഡയിൽ വിൽക്കാൻ അനുമതി ലഭിച്ചത്. വീട്ടിലിരുന്ന് തന്നെ ചെയ്യാവുന്ന ഈ പരിശോധനയിലൂടെ വെറും 20 മിനിറ്റിനുള്ളിൽ ഫലം അറിയാൻ സാധിക്കും. നിലവിൽ വിരലിൽ സൂചി കുത്തി രക്തമെടുത്തുള്ള പരിശോധനയ്ക്ക് വിമുഖത കാണിക്കുന്നവർക്ക് ഈ പുതിയ രീതി വലിയ ആശ്വാസമാകുമെന്ന് അധികൃതർ പറയുന്നു. ടൊറന്റോയിലെ സെന്റ് മൈക്കിൾസ് ഹോസ്പിറ്റലിനാണ് കിറ്റി​ന്റെ വിതരണ ചുമതല.

കാനഡയിൽ 2023-ൽ എച്ച്ഐവി കേസുകളിൽ വർധനയുണ്ടായ പശ്ചാത്തലത്തിൽ പുതിയ കിറ്റ് രോഗനിർണ്ണയ രംഗത്ത് വലിയ മാറ്റമുണ്ടാക്കുമെന്ന് ഡോക്ടർമാർ കരുതുന്നു. ഏകദേശം 15 മുതൽ 20 ഡോളർ വരെയാണ് ഒരു കിറ്റിന്റെ വില പ്രതീക്ഷിക്കുന്നത്. കാനഡയിൽ എച്ച്ഐവി ബാധിതരെന്ന് തിരിച്ചറിയാത്ത ഏഴായിരത്തോളം പേരുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ആശുപത്രികളിൽ പോകാൻ മടിക്കുന്നവരിലേക്കും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിലേക്കും ഈ പരിശോധനാ രീതി എത്തിക്കുന്നതിലൂടെ രോഗവ്യാപനം തടയാനാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മാനിറ്റോബ, സസ്കാച്വാൻ തുടങ്ങിയ പ്രവിശ്യകളിൽ എച്ച്ഐവി നിരക്ക് കൂടുതലായതിനാൽ ഇത്തരം ലളിതമായ പരിശോധനാ മാർഗ്ഗങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!