കോഴിക്കോട്: വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് കുറ്റ്യാടിയിൽ നൽകിയ സ്വീകരണത്തിനിടെ നീരസം പ്രകടിപ്പിച്ച് ഷാഫി പറമ്പിൽ എംപി. പ്രസംഗിക്കാൻ വിളിക്കാൻ വൈകിയതാണ് ഷാഫിയെ ചൊടിപ്പിച്ചത്. ജാഥ ക്യാപ്റ്റൻ വി.ഡി.സതീശന് മുമ്പായി സംസാരിക്കേണ്ടിയിരുന്നതാണ് ഷാഫി. എന്നാൽ യോഗത്തിന് അധ്യക്ഷ്യത വഹിച്ചിരുന്ന ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടിൽ സതീശനെ സംസാരിക്കാനായി വിളിച്ചു. ഇതിനിടെ വേദിയിൽനിന്ന് ഷാഫിയെ വിളിക്കാനാവശ്യപ്പെടുന്നുണ്ടായിരുന്നു.
തുടർന്ന് ഷാഫിയെ വിളിക്കാനായി മൈക്കിനടുത്തേക്ക് നീങ്ങിയ പ്രമോദ് കക്കട്ടിലിനെ ഷാഫി തടഞ്ഞു. ‘വിളിച്ച് കഴിഞ്ഞിട്ടാണോ തന്നെ വിളിക്കുന്നത്’ എന്ന് ഷാഫി ചോദിച്ചു. തുടർന്ന് വേദിയിൽ ചെറിയ തർക്കമുണ്ടായി. സതീശൻ തന്നെ തുടർന്ന് സംസാരിക്കുകയും ചെയ്തു.

പിന്നീട് സതീശന്റെ പ്രസംഗത്തിന് ശേഷം പ്രമോദ് കക്കട്ടിൽ ഷാഫിയെ സംസാരിക്കാനായി വിളിച്ചു. താൻ കൂടുതൽ പ്രസംഗിക്കുന്നില്ലെന്ന് പറഞ്ഞ ഷാഫി, ഒറ്റ വാക്കിൽ പറഞ്ഞ് അവസാനിപ്പിക്കുകയും ചെയ്തു. ‘പ്രതിപക്ഷ നേതാവിനോട് പറയുന്നു, നൂറിൽ കൂടുതൽ എണ്ണുമ്പോൾ കുറ്റ്യാടിയും എണ്ണിക്കോളൂ’ ഷാഫി പറഞ്ഞു.
എന്നാൽ യാതൊരു പരിഭവം പറച്ചിലും അവിടെ ഉണ്ടായിട്ടില്ലെന്ന് ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാർ പ്രതികരിച്ചു. സ്വീകരണ സമ്മേളനം വൈകിയപ്പോൾ ഇനി തന്നെ വിളിക്കേണ്ട എന്ന് ഷാഫി പറഞ്ഞതാണെന്നും അദ്ദേഹം വിശദീകരിച്ചു.
