വൻകൂവർ: കാനഡയെ നടുക്കിയ ടംബ്ലർ റിഡ്ജ് കൂട്ടക്കൊലയെ അതിജീവിച്ച 12 വയസ്സുകാരി മയ മരണത്തിനും ജീവിതത്തിനുമിടയിലെ പോരാട്ടത്തിലാണിപ്പോൾ. ദാരുണമായ സംഭവത്തിൽ അക്രമിയുൾപ്പെടെ 10 പേർ കൊല്ലപ്പെടുകയും 27-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ബ്രിട്ടീഷ് കൊളംബിയയിലെ ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്‌കൂളിൽ നടന്ന വെടിവയ്പ്പിലാണ് മയയുടെ തലയിലും കഴുത്തിലും വെടിയുണ്ട തുളഞ്ഞുകയറിയത്. വൻകൂവർ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ് മയ. സ്‌കൂളിനുള്ളിൽ അക്രമിയടക്കം എട്ടുപേരും, സമീപത്തെ വീട്ടിൽ അക്രമിയു യുടെ മാതാവും സഹോദരനുമാണെന്ന് കരുതുന്ന രണ്ടുപേരുമാണ് കൊല്ലപ്പെട്ടത്. വെടിവയ്പ്പ് തുടങ്ങിയ ഉടൻ തന്നെ വിദ്യാർത്ഥികൾ ക്ലാസ് മുറികളിൽ ബെഞ്ചുകളും മേശകളും ഉപയോഗിച്ച് പ്രതിരോധം തീർത്തിരുന്നു. മിനിറ്റുകൾക്കുള്ളിൽ തന്നെ ആർ.സി.എം.പി ഉദ്യോഗസ്ഥർ സ്‌കൂളിലെത്തി വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തി.
പരിക്കേറ്റവരിൽ മയയും ഉണ്ടെന്നും ബിസി എമർജൻസി ഹെൽത്ത് സർവീസസ് എയർലിഫ്റ്റ് ചെയ്ത് വൻകൂവറിലേക്ക് കൊണ്ടുപോയെന്നും അടുത്ത ബന്ധു കൂടിയായ ക്രിസ്റ്റ ഹണ്ട് ആണ് ആദ്യമായി വെളിപ്പെടുത്തിയത്. സംഭവത്തെക്കുറിച്ച് ആദ്യം അറിഞ്ഞത് മുത്തശ്ശിയിൽ നിന്നാണെന്നും ആ നിമിഷം വാർത്ത വിശ്വസിക്കാൻ പോലും കഴിഞ്ഞില്ലെന്നും അവർ പറഞ്ഞു. മയ ജീവനുവേണ്ടിയുള്ള പോരാട്ടത്തിലാണെന്നും ഹണ്ട് മാധ്യമങ്ങളോട് പറഞ്ഞു. മയയുടെ ചികിത്സാ ചെലവുകൾക്കായി കുടുംബാംഗങ്ങൾ ആരംഭിച്ച ഗോഫണ്ട്മീ (GoFundMe) പേജിലൂടെ ഇതിനകം 40,000 ഡോളറിലധികം സമാഹരിച്ചു കഴിഞ്ഞു. മയയുടെ ജീവൻ തിരിച്ചുകിട്ടുന്നതിനായി പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് കൂട്ടുകാരും ബന്ധുക്കളും
