Thursday, February 12, 2026

മിനസോട്ടയിലെ ഇമിഗ്രേഷൻ റെയ്ഡുകൾക്ക്‌ അവസാനം; കടുത്ത പ്രതിഷേധങ്ങൾക്കൊടുവിൽ പിൻമാറ്റം

മിനിയപ്പൊലിസ്: യു.എസ് സംസ്ഥാനമായ മിനസോട്ടയിൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി തുടർന്നുപോന്ന കടുത്ത ഇമിഗ്രേഷൻ പരിശോധനകളും റെയ്‌ഡും അവസാനിക്കുന്നു.
ഓപ്പറേഷൻ മെട്രോ സർജ്‌ എന്ന് പേരിട്ടിരുന്നനടപടി അവസാനിപ്പിക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അനുമതി നൽകിയതായി ബോർഡർ സാർ ടോം ഹോമൻ മാധ്യമങ്ങളോട് പറഞ്ഞു. റെയ്ഡുകൾക്കായി വിന്യസിച്ചിരുന്ന ഏജന്റുമാരെ ഘട്ടംഘട്ടമായി പിൻവലിക്കും. നിലവിൽ ഏകദേശം 2,000 ഫെഡറൽ ഏജന്റുമാരെയാണ് മിനസോട്ടയിൽ വിന്യസിച്ചിട്ടുള്ളത്. അനധികൃത കുടിയേറ്റങ്ങൾക്കെതിരെയുള്ള നടപടി വൻ വിജയമായിരുന്നുവെന്നും നാലായിരത്തോളം അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തതായും ഹോമൻ അവകാശപ്പെട്ടു. രാജ്യവ്യാപകമായി ഉയർന്ന പ്രതിഷേധങ്ങളും രണ്ട് അമേരിക്കൻ പൗരന്മാരുടെ മരണവുമാണ് പിൻമാറ്റത്തിന് പിന്നിലെ പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്. റെയ്ഡിനിടെ ഇമിഗ്രേഷൻ ഏജന്റുമാരുടെ വെടിയേറ്റ് റെനീ ഗുഡ്, അലക്സ് പ്രെറ്റി എന്നീ രണ്ട് അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവങ്ങൾ മിനസോട്ടയിൽ വലിയ തോതിലുള്ള അക്രമങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചു.
മിനസോട്ടയിലെ പ്രാദേശിക ഭരണകൂടവും ഗവർണർ ടിം വാൾസും ഫെഡറൽ നടപടികളോട് സഹകരിക്കാൻ തയ്യാറായതിനാലാണ് പിൻവാങ്ങുന്നതെന്നാണ് ഹോമന്റെ വിശദീകരണം.

ഫെഡറൽ ഏജന്റുമാരുടെ പിൻവാങ്ങലിൽ മിനസോട്ട ഗവർണർ ടിം വാൾസ് സന്തോഷം പ്രകടിപ്പിച്ചു. റെയ്ഡുകൾ സംസ്ഥാനത്ത് വലിയ നാശനഷ്ടങ്ങളും വരും തലമുറകളിലേക്കും വ്യാപിക്കുന്ന മാനസിക ആഘാതവും സൃഷ്‌ടിച്ചെന്ന്‌ അദ്ദേഹം പറഞ്ഞു. റെയ്ഡുകൾ മൂലം തകർന്ന ചെറുകിട ബിസിനസ്സുകളെ സഹായിക്കാൻ 10 മില്യൺ ഡോളറിന്റെ അടിയന്തര ഫണ്ട് അദ്ദേഹം പ്രഖ്യാപിച്ചു. മിനിയപ്പൊലിസ് മേയർ ജേക്കബ് ഫ്രേയും പിൻമാറ്റത്തിനുള്ള ഫെഡറൽ നടപടിയെ സ്വാഗതം ചെയ്‌തു. ഇമിഗ്രേഷൻ ഏജന്റുമാരുടെ സാന്നിധ്യം നഗരത്തിലെ സമാധാനാന്തരീക്ഷം തകർത്തുവെന്നും ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾ നടന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!