റെജൈന : റെജൈനയ്ക്ക് സമീപം ബെൽ കാനഡ സ്ഥാപിക്കാനൊരുങ്ങുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഡാറ്റാ സെന്ററിനെതിരെ പ്രദേശവാസികൾ രംഗത്ത്. ഷെർവുഡ് മുനിസിപ്പാലിറ്റിയിൽ സമർപ്പിച്ച രേഖകൾ പ്രകാരം, 65 ഹെക്ടർ ഭൂമിയിൽ അത്യാധുനിക എഐ ഗവേഷണങ്ങൾക്കും ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾക്കുമായാണ് ഈ കാംപസ് വിഭാവനം ചെയ്തിരിക്കുന്നത്. എന്നാൽ, പ്ലാന്റിനായുള്ള അമിത ജലഉപയോഗവും ശബ്ദമലിനീകരണവും തങ്ങളുടെ ജീവിതത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി സമീപവാസികൾ മുനിസിപ്പാലിറ്റിക്ക് കത്തയച്ചു.

സ്വകാര്യ കിണറുകളെ ആശ്രയിക്കുന്ന തങ്ങളെ ഡാറ്റാ സെന്ററിന്റെ വലിയ രീതിയിലുള്ള ജലചൂഷണം ബാധിക്കുമെന്നാണ് നാട്ടുകാരുടെ പ്രധാന പരാതി. എഐ സെന്ററുകൾ തണുപ്പിക്കാനായി വൻതോതിൽ വെള്ളം ആവശ്യമായി വരുന്നത് ഭൂഗർഭ ജലനിരപ്പ് കുറയാൻ കാരണമാകുമെന്ന് വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. ജലലഭ്യതയ്ക്ക് പുറമെ പ്ലാന്റിൽ നിന്നുള്ള ശബ്ദശല്യം നിയന്ത്രിക്കാൻ കൃത്യമായ മാനദണ്ഡങ്ങൾ വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. യൂണിവേഴ്സിറ്റി ഓഫ് റെജൈന ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ പദ്ധതിയെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും, പരിസ്ഥിതി ആഘാതം വ്യക്തമാക്കാത്തതിൽ ജനങ്ങൾക്കിടയിൽ പ്രതിഷേധം ശക്തമാണ്.
