മൺട്രിയോൾ : വിൽപനയ്ക്ക് വെച്ച വീടിന്റെ ചിത്രം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ച് മിനുക്കുപണികൾ നടത്തി പറ്റിച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് കെബെക്കിലെ റിയൽ എസ്റ്റേറ്റ് ഏജന്റും ഏജൻസിയും. ടെറബോൺ മേഖലയിലുള്ള വീടിന്റെ ചിത്രത്തിലാണ് എഐ ഉപയോഗിച്ച് വലിയ മാറ്റങ്ങൾ വരുത്തിയത്. വീടിന്റെ ജനാലകൾ വലുതാക്കിയും, ഗാരേജ് ഡോറിന്റെ വലിപ്പം കൂട്ടിയും, പുതിയ വേലികളും ചെടികളും കൂട്ടിച്ചേർത്തും യഥാർത്ഥ കാഴ്ചയിൽ നിന്നും തികച്ചും വ്യത്യസ്തമായ രീതിയിലാണ് ചിത്രം നിർമ്മിച്ചത്.

പ്രൊഫഷണൽ ഫോട്ടോഗ്രാഫർ വരുത്തിയ ഈ മാറ്റങ്ങൾ അംഗീകരിക്കാനാവില്ലെന്നും ചിത്രം ശ്രദ്ധയിൽപ്പെട്ടയുടൻ നീക്കം ചെയ്തതായും RE/MAX D’ICI ഡയറക്ടർ ജോസിയാൻ വില്ലെന്യൂവ് അറിയിച്ചു. റിയൽ എസ്റ്റേറ്റ് മേഖലയിൽ എഐ ഉപയോഗിക്കുന്നതിനെ അനുകൂലിക്കുന്നുണ്ടെങ്കിലും അത് സുതാര്യവും ധാർമ്മികവുമായിരിക്കണമെന്ന് കെബെക്കിലെ റിയൽ എസ്റ്റേറ്റ് അതോറിറ്റിയായ OACIQ വ്യക്തമാക്കി. തെറ്റായ വിവരങ്ങൾ നൽകി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് അച്ചടക്ക നടപടികൾക്ക് കാരണമാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
