Thursday, February 12, 2026

കോംഗോയിൽ വെടിനിർത്തൽ: നിരീക്ഷണത്തിന്‌ യു.എൻ വിമാനങ്ങളെത്തും; ഒരു വർഷത്തിന് ശേഷം തുറന്ന്‌ ഗോമ വിമാനത്താവളം

കോംഗോ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ സർക്കാരും വിമത ഗ്രൂപ്പായ എ.എഫ്‌.സി/എം 23-ഉം തമ്മിലുള്ള വെടിനിർത്തൽ നീക്കം നിരീക്ഷിക്കുന്നതിനായി യു.എൻ വിമാനങ്ങൾ അയക്കും. കിഴക്കൻ നഗരമായ ഉവിറയിലാണ്‌ ദൗത്യവുമായി ആദ്യവിമാനമെത്തുന്നത്‌. ഖത്തറിന്റെ മധ്യസ്ഥതയിൽ ദോഹയിൽ നടന്ന സമാധാന ചർച്ചകൾക്ക്‌ പിന്നാലെയാണ്‌ ഈ നടപടി. കരാർ പ്രകാരമുള്ള വെടിനിറുത്തൽ വ്യവസ്ഥകൾ ലംഘിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് യു.എൻ സമാധാന സേനയായ മോനുസ്കോ വിമാനങ്ങൾ അയക്കുന്നത്. ഉവിറയിലെ സുരക്ഷാ സാഹചര്യം വിലയിരുത്തിയ ശേഷം ആവശ്യമെങ്കിൽ കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിക്കും.

2025 ജനുവരിയിൽ വിമതർ പിടിച്ചെടുത്തതിനെത്തുടർന്ന് അടച്ചിട്ടിരുന്ന ഗോമ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരു വർഷത്തെ ഇടവേളയ്‌ക്ക്‌ ശേഷം ആദ്യമായി യുഎൻ ഹെലികോപ്റ്റർ ലാൻഡ് ചെയ്തു. വിമാനത്താവളം ഘട്ടംഘട്ടമായി തുറക്കുന്നതിന്റെ സൂചനയാണ്‌ ഇതെന്ന്‌ മോനുസ്കോ ആക്ടിംഗ് മേധാവി വിവിയൻ വാൻ ഡി പെറെ പറഞ്ഞു. ഇതോടെ കിഴക്കൻ കോംഗോയിലെ ദുരിതബാധിതർക്ക് മരുന്നും ഭക്ഷണവും എത്തിക്കുന്നതിനും അടിയന്തര മെഡിക്കൽ സേവനങ്ങൾക്കും വലിയ സഹായമാകും. 2024 ജൂണിൽ കോംഗോ സർക്കാരിന്റെ ആവശ്യപ്രകാരം സൗത്ത് കിവു പ്രവിശ്യയിൽ നിന്ന് യുഎൻ സേന പിൻവാങ്ങിയിരുന്നു.പുതിയ വെടിനിർത്തൽ കരാർ നടപ്പിലാക്കാൻ യുഎൻ സാങ്കേതിക സഹായം വേണമെന്ന് ഇരുവിഭാഗവും ധാരണയിലെത്തി. വർഷങ്ങളായി തുടരുന്ന ആഭ്യന്തര സംഘർഷത്തിന് അറുതി വരുത്താൻ ലക്ഷ്യമിട്ടുള്ള ദോഹ സമാധാന കരാറിലെ സുപ്രധാനമായ ഒരു നീക്കമായാണ് ഈ നിരീക്ഷണ ദൗത്യം വിലയിരുത്തപ്പെടുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!