മൺട്രിയോൾ : ഇന്ന് പുലർച്ചെ പപ്പിനോ അവന്യൂവിൽ ജലവിതരണ പൈപ്പ് പൊട്ടിയതിനെത്തുടർന്ന് മൺട്രിയോൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. സെന്റ് കാതറിൻ സ്ട്രീറ്റിനും റെനെ-ലെവെസ്ക് ബൊളിവാർഡിനും ഇടയിലുള്ള ഭാഗമാണ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുന്നത്. 15 മുതൽ 20 സെന്റീമീറ്റർ വരെ വലിപ്പമുള്ള വിള്ളലാണ് പൈപ്പിലുണ്ടായിരിക്കുന്നത്. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ടെന്നും അറ്റകുറ്റപ്പണികൾ എപ്പോൾ തീരുമെന്ന് വ്യക്തമല്ലെന്നും സിറ്റി അധികൃതർ അറിയിച്ചു.

പപ്പിനോ അവന്യൂ അടച്ചതോടെ ജാക്വസ്-കാർട്ടിയർ പാലത്തിലേക്കുള്ള യാത്രക്കാർ കടുത്ത പ്രതിസന്ധിയിലായി. ഡി ലോറിമിയർ അവന്യൂവിലെ നവീകരണ പ്രവർത്തനങ്ങൾ കൂടി നടക്കുന്നതിനാൽ മൺട്രിയോളിനെയും സൗത്ത് ഷോറിനെയും ബന്ധിപ്പിക്കുന്ന ഗതാഗതം താറുമാറായിരിക്കുകയാണ്. ഫ്രോണ്ടെനാക്, സ്റ്റീഫൻ സ്ട്രീറ്റുകൾ വഴി വാഹനങ്ങൾ തിരിച്ചുവിടാൻ പൊലീസ് ശ്രമിക്കുന്നുണ്ടെങ്കിലും ഈ മേഖല പൂർണ്ണമായും ഒഴിവാക്കാനാണ് അധികൃതർ നൽകുന്ന നിർദ്ദേശം. 2024 ഓഗസ്റ്റിലും സമാനമായ രീതിയിൽ ഇവിടെ പൈപ്പ് പൊട്ടി വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു.
