എഡ്മിന്റൻ : പ്രവിശ്യയിലെ ആൽബർട്ടയിലെ പാർക്ക് ശൃംഖലയെ അടിമുടി പരിഷ്കരിക്കാനുള്ള ദീർഘകാല പദ്ധതി പുറത്തിറക്കി ആൽബർട്ട സർക്കാർ. പ്രകൃതി സംരക്ഷണത്തോടൊപ്പം വിനോദസഞ്ചാരത്തിന് പുതിയ അവസരങ്ങൾ ഒരുക്കുക എന്നതാണ് 39 ലക്ഷം ഹെക്ടറിൽ വ്യാപിച്ചു കിടക്കുന്ന ഈ പദ്ധതിയുടെ ലക്ഷ്യം. 2033-ഓടെ പ്രവിശ്യയിൽ 900 പുതിയ ക്യാംപ് സൈറ്റുകൾ നിർമ്മിക്കുമെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത് അറിയിച്ചു. വർധിച്ചുവരുന്ന ജനസംഖ്യയും വിനോദസഞ്ചാരികളുടെ എണ്ണവും കണക്കിലെടുത്ത്, കുറഞ്ഞ ചിലവിൽ ജനങ്ങൾക്ക് ഉപയോഗിക്കാവുന്ന കൂടുതൽ സൗകര്യങ്ങൾ പാർക്കുകളിൽ ഒരുക്കുക എന്നതാണ് സർക്കാരിന്റെ പ്രാഥമിക പരിഗണന.

എന്നാൽ, ഈ പദ്ധതി വെറും പ്രഖ്യാപനമായി മാറാതെ നടപ്പിലാക്കണമെങ്കിൽ മതിയായ സാമ്പത്തിക വിഹിതം അനിവാര്യമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വിനോദസഞ്ചാരത്തിന് അമിത പ്രാധാന്യം നൽകുന്നത് പാർക്കുകളിലെ സ്വാഭാവിക ആവാസവ്യവസ്ഥയെ തകർക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ ആശങ്ക പ്രകടിപ്പിച്ചു. നിലവിൽ പാർക്കുകളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി മൂന്ന് വർഷത്തേക്ക് 23.6 കോടി ഡോളർ അനുവദിച്ചിട്ടുണ്ട്. ടൂറിസത്തിലൂടെയുള്ള വരുമാനവും പ്രകൃതിയുടെ നിലനിൽപ്പും ഒരുപോലെ കൊണ്ടുപോകുന്ന ‘റീജനറേറ്റീവ് ടൂറിസം’ എന്ന നയമാണ് വരും വർഷങ്ങളിൽ ആൽബർട്ട പിന്തുടരുക.
