ധാക്ക: ബംഗ്ലാദേശില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (BNP) വന്‍ വിജയം നേടി അധികാരത്തിലേക്ക്. 300 അംഗ പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ട 151 സീറ്റുകള്‍ ബി.എന്‍.പി മറികടന്നു. ഇതോടെ 17 വര്‍ഷത്തെ പ്രവാസത്തിന് ശേഷം മടങ്ങിയെത്തിയ ബി.എന്‍.പി ചെയര്മാന് താരിഖ് റഹ്മാന് ബംഗ്ലാദേശിന്റെ പുതിയ പ്രധാനമന്ത്രിയാകും. താന്‍ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വലിയ ഭൂരിപക്ഷത്തോടെയാണ് അദ്ദേഹം വിജയിച്ചത്. ബി.എന്‍.പിയുടെ മുഖ്യ എതിരാളികളായിരുന്ന ജമാഅത്തെ ഇസ്ലാമി 43 സീറ്റുകള്‍ നേടി. സ്ഥാനാര്‍ത്ഥിയുടെ മരണം മൂലം ഒരു സീറ്റിലെ വോട്ടെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പിനോടൊപ്പം നടന്ന ഭരണഘടനാ പരിഷ്കരണത്തിനായുള്ള ‘ജൂലൈ ചാര്‍ട്ടര്‍’ ഹിതപരിശോധനയിലും ജനം അനുകൂലമായ വിധി എഴുതി. പ്രധാനമന്ത്രിയുടെ കാലാവധി പരമാവധി രണ്ട് ടേം അഥവാ പത്ത് വര്‍ഷമായി നിജപ്പെടുത്തുന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളെ 72 ശതമാനത്തിലധികം വോട്ടര്‍മാര്‍ പിന്തുണച്ചതായാണ് റിപ്പോര്‍ട്ടുകള്‍. തിരഞ്ഞെടുപ്പില്‍ ആകെ 60.69 ശതമാനം പോളിംഗ് രേഖപ്പെടുത്തി. മുന്‍ പ്രധാനമന്ത്രി ഷേയ്ഖ് ഹസീനയുടെ അവാമി ലീഗിന് തിരഞ്ഞെടുപ്പില്‍ വിലക്കുണ്ടായിരുന്നതിനാല്‍ അവര്‍ക്ക് മത്സരിക്കാന്‍ സാധിച്ചിരുന്നില്ല. ഇത് രാജ്യത്തെ രാഷ്ട്രീയ സമവാക്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്കാണ് വഴിതുറന്നത്.
മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ 18 മാസം നീണ്ട ഭരണത്തിന് ശേഷമാണ് അധികാരം കൈമാറുന്നത്. ബി.എന്‍.പിയും ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള 11 പാര്‍ട്ടികളുടെ സഖ്യവും തമ്മിലായിരുന്നു പ്രധാന പോരാട്ടം നടന്നത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ യു.എസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ബി.എന്‍.പിയെയും താരിഖ് റഹ്മാനെയും അഭിനന്ദിച്ചു. ജനാധിപത്യ ഭരണക്രമത്തിലേക്കുള്ള ബംഗ്ലാദേശിന്റെ തിരിച്ചുവരവായാണ് ഈ തിരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്.
