ന്യൂഡല്‍ഹി: ബ്രസീല്‍ പ്രസിഡന്റ് ലുല ഡസില്‍വ അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഫെബ്രുവരി 18-ന് ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം നടത്തുന്ന ഈ സന്ദര്‍ശനം ഫെബ്രുവരി 22 വരെ നീണ്ടുനില്‍ക്കും. സന്ദര്‍ശനത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ നടക്കുന്ന രണ്ടാമത് ‘എഐ ഇംപാക്റ്റ്’ (AI Impact) ഉച്ചകോടിയില്‍ അദ്ദേഹം പങ്കെടുക്കും. ഫെബ്രുവരി 21-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലുല ഡസില്‍വയും തമ്മിലുള്ള നിര്‍ണ്ണായകമായ ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കുന്നത്. ആഗോള ഭരണം, പരിഷ്‌കരിച്ച ബഹുരാഷ്ട്രവാദം, ആഗോള തെക്ക് (Global South) രാജ്യങ്ങളുടെ താല്‍പ്പര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്യും.
ബ്രസീലിയന്‍ മന്ത്രിസഭയിലെ 14 മന്ത്രിമാരും പ്രമുഖ കമ്പനികളുടെ സി.ഇ.ഒമാരും ഉള്‍പ്പെടുന്ന വലിയൊരു ബിസിനസ് പ്രതിനിധി സംഘവും പ്രസിഡന്റിനൊപ്പമുണ്ടാകും. സന്ദര്‍ശന വേളയില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ലുല ഡസില്‍വയ്ക്ക് വിരുന്നൊരുക്കും. കൂടാതെ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍, വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ലുല ഡസില്‍വയുടെ ആറാമത്തെ ഇന്ത്യന്‍ സന്ദര്‍ശനമാണിത്. 2004-ല്‍ റിപ്പബ്ലിക് ദിന പരേഡിലെ മുഖ്യാതിഥിയായാണ് അദ്ദേഹം ആദ്യമായി ഇന്ത്യയിലെത്തിയത്.

സാങ്കേതികവിദ്യ, പ്രതിരോധം, ഊര്‍ജ്ജം തുടങ്ങിയ മേഖലകളില്‍ ഇന്ത്യയും ബ്രസീലും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഈ സന്ദര്‍ശനം ലക്ഷ്യമിടുന്നു. 2025 ജൂലൈയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീല്‍ സന്ദര്‍ശിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിനായി 260-ഓളം കമ്പനികളുടെ പ്രതിനിധികളാണ് ഇത്തവണ പ്രസിഡന്റിനൊപ്പം എത്തുന്നത്.
