Friday, February 13, 2026

പരസ്യദാതാക്കൾ ‘പിൻ’വാങ്ങി; പിന്ററസ്റ്റ് ഓഹരികളിൽ വൻ തകർച്ച

വാഷിങ്ടൺ: ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങളും ഇറക്കുമതി തീരുവ വർധിക്കുമെന്ന ആശങ്കയും കാരണം പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ പിന്ററസ്റ്റിന്റെ (Pinterest) ഓഹരി വിലയിൽ വൻ ഇടിവ്. പ്രീ-മാർക്കറ്റ് വ്യാപാരത്തിൽ കമ്പനിയുടെ ഓഹരി മൂല്യം 20 ശതമാനത്തിലധികം ഇടിഞ്ഞു. യുഎസിലെ പ്രമുഖ റീട്ടെയിൽ കമ്പനികൾ തങ്ങളുടെ പരസ്യ ബജറ്റുകൾ വെട്ടിക്കുറച്ചതാണ് പിന്ററസ്റ്റിന് തിരിച്ചടിയായത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യത്തിൽ ഏകദേശം 200 കോടി ഡോളറിന്റെ കുറവുണ്ടായി. 2020 ഏപ്രിലിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്.

കമ്പനിയുടെ ആഭ്യന്തര പുനഃസംഘടനയും പ്രതിസന്ധിയുടെ ആക്കം കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ മാസം 15% ജീവനക്കാരെ പിരിച്ചുവിട്ടത് കമ്പനിയുടെ പ്രവർത്തനങ്ങളെ താൽക്കാലികമായി ബാധിച്ചതായി ചീഫ് ഫിനാൻഷ്യൽ ഓഫീസർ ജൂലിയ ഡോണലി വ്യക്തമാക്കി. വിപണിയിൽ മെറ്റ, ടിക് ടോക് തുടങ്ങിയ വമ്പന്മാരിൽ നിന്ന് കടുത്ത മത്സരം നേരിടുന്നതിനിടെയാണ് വരുമാന പ്രവചനത്തിൽ ഇത്തരമൊരു ഇടിവ് സംഭവിക്കുന്നത്. ചില്ലറ വിൽപന മേഖലയിലെ പരസ്യദാതാക്കൾ തീരുവ സംബന്ധിച്ച അനിശ്ചിതത്വം മൂലം പരസ്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നത് ഡിജിറ്റൽ പരസ്യ വിപണിയെ മൊത്തത്തിൽ ബാധിച്ചിട്ടുണ്ട്.

കൂടാതെ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ പുതിയ മുന്നേറ്റങ്ങളും പിന്ററസ്റ്റിന് വെല്ലുവിളിയാകുന്നു. ഓപ്പൺ എഐ തങ്ങളുടെ ചാറ്റ് ജിപിടിയിൽ പരസ്യങ്ങൾ അവതരിപ്പിച്ചു തുടങ്ങിയതും ഗൂഗിൾ അതിന്റെ എഐ സെർച്ചിൽ ഷോപ്പിങ് ഫീച്ചറുകൾ ഉൾപ്പെടുത്തിയതും ചെറുകിട പ്ലാറ്റ്‌ഫോമുകളുടെ നിലനിൽപ്പിനെ ബാധിക്കുന്നുണ്ട്. മെറ്റായും ആമസോണും ഉടൻ തന്നെ പിന്ററസ്റ്റിന് സമാനമായ എഐ ഫീച്ചറുകൾ അവതരിപ്പിച്ചേക്കുമെന്ന് വിപണി വിദഗ്ധർ മുന്നറിയിപ്പ് നൽകി. പ്രതിസന്ധി മറികടക്കാൻ ടിവി പരസ്യ സാങ്കേതിക വിദ്യയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് പിന്ററസ്റ്റ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!