ഓട്ടവ : ലിബറൽ പാർട്ടിക്ക് തിരിച്ചടിയായി സുപ്രീം കോടതി വിധി. മൺട്രിയോൾ മേഖലയിലെ ടെറിബോൺ റൈഡിങിലെ ഫെഡറൽ തിരഞ്ഞെടുപ്പ് ഫലം കാനഡയിലെ സുപ്രീം കോടതി അസാധുവാക്കി. ഇന്ന് വാദം കേട്ട ജസ്റ്റിസുമാർ ഈ ഫലം അസാധുവാക്കുന്നതായി പ്രഖ്യാപിച്ചു. ഈ ഫലം അസാധുവാക്കാനുള്ള സുപ്രീം കോടതി തീരുമാനത്തോടെ ഹൗസ് ഓഫ് കോമൺസിൽ ഭരണകക്ഷിയായ ലിബറൽ പാർട്ടി 168 സീറ്റുകകളായി ചുരുങ്ങും. 2025 ഏപ്രിൽ 28 നടന്ന തിരഞ്ഞെടുപ്പിൽ ബ്ലോക്ക് കെബെക്ക്വ സ്ഥാനാർത്ഥി നതാലി സിൻക്ലെയർ-ഡെസ്ഗാഗ്നെയെക്കാൾ ഒരു വോട്ടിന് ലിബറൽ സ്ഥാനാർത്ഥി ടാറ്റിയാന അഗസ്റ്റെ വിജയിച്ചിരുന്നു.

റൈഡിങ്ങിലെ ഒരു വോട്ടർ ബ്ലോക്ക് കെബെക്ക്വ സ്ഥാനാർത്ഥിക്ക് തന്റെ വോട്ട് മെയിൽ ചെയ്തതായി വെളിപ്പെടുത്തി. എന്നാൽ, കവറിലെ വിലാസത്തിലെ പിശക് കാരണം അവരുടെ വോട്ട് എണ്ണിയിട്ടില്ലെന്ന് കണ്ടെത്തിയതോടെയാണ് ടെറിബോൺ റൈഡിങ് ഫലം വിവാദമായത്. ഇതോടെ ഒക്ടോബറിൽ, നതാലി സിൻക്ലെയർ-ഡെസ്ഗാഗ്നെ സുപ്പീരിയർ കോടതിയിൽ പരാതി നൽകിയെങ്കിലും ജഡ്ജി പുതിയ തിരഞ്ഞെടുപ്പ് നടത്താനുള്ള അഭ്യർത്ഥന നിരസിച്ചിരുന്നു. സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായും റൈഡിങ്ങിൽ ഉടൻ ഉപതിരഞ്ഞെടുപ്പ് നടത്തണമെന്നും ബ്ലോക്ക് കെബെക്ക്വ പാർട്ടി പ്രസിഡൻ്റ് സൂസൻ പ്രൗൾക്സ് അഭ്യർത്ഥിച്ചു.
