റെജൈന : കാനഡയിലെ ജനങ്ങളെ ഭിന്നിപ്പിക്കാനും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ഓൺലൈൻ വ്യാജവാർത്താ പ്രചാരണങ്ങളെ നേരിടാൻ നിർമ്മിത ബുദ്ധി (എഐ) അധിഷ്ഠിതമായ സംവിധാനം ഒരുങ്ങുന്നു. കനേഡിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് റിസർച്ച് വികസിപ്പിച്ച ‘സൈഫർ’ എന്ന വസ്തുതാ പരിശോധനാ ഉപകരണമാണ് ഇതിനായി സജ്ജമാക്കിയിരിക്കുന്നത്. നിലവിൽ റഷ്യൻ മാധ്യമങ്ങളിൽ നിന്നുള്ള വ്യാജ അവകാശവാദങ്ങളാണ് ഉപകരണം പ്രധാനമായും നിരീക്ഷിക്കുന്നത്. വൈകാതെ ചൈനീസ് ഭാഷകളിലുള്ള പ്രചാരണങ്ങളെയും അമേരിക്കയിൽ നിന്നുള്ള തെറ്റായ വിവരങ്ങളെയും സൈഫർ വിശകലനം ചെയ്തു തുടങ്ങുമെന്ന് പ്രോജക്ട് ലീഡും റെജൈന സർവകലാശാലയിലെ പ്രൊഫസറുമായ ബ്രയാൻ മക്വിൻ വ്യക്തമാക്കി.

വിദേശ മാധ്യമങ്ങളിൽ വരുന്ന സംശയസ്പദമായ വാർത്തകൾ സ്കാൻ ചെയ്യുകയും പിന്നീട് വിദഗ്ധരുടെ സഹായത്തോടെ അതിന്റെ സത്യാവസ്ഥ ഉറപ്പുവരുത്തുകയുമാണ് ഈ സാങ്കേതികവിദ്യ ചെയ്യുന്നത്. ആൽബർട്ട പ്രവിശ്യ കാനഡയിൽ നിന്ന് വേർപെടാൻ ഒരുങ്ങുന്നു എന്നതുൾപ്പെടെയുള്ള വിദേശ മാധ്യമങ്ങളുടെ അവാസ്തവമായ റിപ്പോർട്ടുകൾ സൈഫർ ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്. നിർമ്മിത ബുദ്ധി ഉപയോഗിച്ച് വലിയ തോതിൽ വ്യാജവിവരങ്ങൾ നിർമ്മിക്കപ്പെടുന്ന സാഹചര്യത്തിൽ, അവയെ പ്രതിരോധിക്കാനും അതേ സാങ്കേതികവിദ്യ തന്നെ അനിവാര്യമാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. വ്യാജവാർത്തകൾ തടയാൻ കർശനമായ നിയമനിർമ്മാണം വേണമെന്ന് ആവശ്യപ്പെടുന്നതിനൊപ്പം, സോഷ്യൽ മീഡിയയിൽ വിവരങ്ങൾ പങ്കുവെക്കുന്നതിന് മുൻപ് അവയുടെ സത്യാവസ്ഥ പരിശോധിക്കാൻ സെക്കൻഡുകൾ മാറ്റിവെക്കണമെന്ന് ഗവേഷകർ പൗരന്മാരോട് അഭ്യർത്ഥിച്ചു.
