ന്യൂഡൽഹി: മണിക്കൂറിൽ 160 കിലോമീറ്റർ വേഗത ഉറപ്പാക്കുന്ന ഏഴ് പുതിയ റെയിൽ പാതകളുടെ സർവേയ്ക്ക് അനുമതി നൽകി കേന്ദ്ര സർക്കാർ. കേരളത്തിലുടനീളമായി ഏകദേശം 849 കിലോമീറ്റർ ദൂരത്തിൽ പുതിയ പാതകൾ നിർമ്മിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ പദ്ധതികളുടെ വിശദമായ പദ്ധതി രേഖ തയ്യാറാക്കിയ ശേഷം സംസ്ഥാന സർക്കാർ, നീതി ആയോഗ്, കേന്ദ്ര ധനകാര്യ മന്ത്രാലയം എന്നിവയുടെ അനുമതി കൂടി ലഭിച്ചാൽ മാത്രമേ നിർമ്മാണ നടപടികളിലേക്ക് കടക്കാൻ സാധിക്കൂവെന്ന് അധികൃതർ വ്യക്തമാക്കി.
പദ്ധതികൾക്ക് കൃത്യമായ സമയപരിധി നിശ്ചയിക്കാനാവില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ വ്യക്തമാക്കി. തിരുവനന്തപുരം-കാസർകോട് അർധ അതിവേഗ പാതയായ സിൽവർ ലൈനിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. കേരള റെയിൽ വികസന കോർപ്പറേഷൻ (KRDCL) നേരത്തെ തയ്യാറാക്കിയ ഡിപിആർ പുതിയ സാങ്കേതിക മാനദണ്ഡങ്ങൾക്കനുസരിച്ച് പരിഷ്കരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇന്ത്യൻ റെയിൽവേ ശൃംഖലയുമായി എളുപ്പത്തിൽ ബന്ധിപ്പിക്കാൻ ബ്രോഡ്‌ഗേജ് പാതകൾ അവലംബിക്കുക, യാർഡുകളിൽ മികച്ച ഡ്രെയിനേജ് സംവിധാനമൊരുക്കുക, സുരക്ഷയ്ക്കായി ‘കവച്’ സംവിധാനം ഏർപ്പെടുത്തുക തുടങ്ങിയ നിർദ്ദേശങ്ങളാണ് പരിഷ്കരിച്ച ഡിപിആറിൽ ഉൾപ്പെടുത്തേണ്ടത്. കൂടാതെ പാരിസ്ഥിതിക സുരക്ഷാ മുൻകരുതലുകൾക്കും റെയിൽവേ വൈദ്യുതീകരണത്തിനും പദ്ധതിയിൽ പ്രത്യേക മുൻഗണന നൽകണം.
