മൻഹാട്ടൻ : സിഖ് വിഘടനവാദി ഗുർപത്വന്ത് സിങ് പന്നൂനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഇന്ത്യൻ വംശജനായ നിഖിൽ ഗുപ്ത കുറ്റം സമ്മതിച്ചു. മൻഹാട്ടൻ ഫെഡറൽ കോടതിയ്ക്ക് മുമ്പാകെയാണ് ഗുപ്ത കുറ്റങ്ങൾ സമ്മതിച്ചത്. 40 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ. കൊലപാതക ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കൽ, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് നിഖിൽ ഗുപ്തയ്ക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് മൻഹാട്ടൻ യുഎസ് അറ്റോർണി ഓഫീസ് വക്താവ് പറഞ്ഞു.

2024 ജൂൺ മുതൽ യുഎസ് അധികൃതർ ഗുപ്തയെ ബ്രൂക്ലിനിലെ ജയിലിൽ അടച്ചിരിക്കുകയാണ്. ഒരു വർഷം മുമ്പ് ചെക്ക് റിപ്പബ്ലിക്കിൽ പൊലീസ് ഗുപ്തയെ അറസ്റ്റ് ചെയ്തിരുന്നു. യുഎസിൽ താമസിക്കുന്ന ഗുർപത്വന്ത് സിങ് പന്നൂനെ കൊലപ്പെടുത്താൻ ഗുപ്ത ഇന്ത്യൻ ഉദ്യോഗസ്ഥനുമായി ഗൂഢാലോചന നടത്തിയെന്നാണ് കേസ്. എന്നാൽ പന്നൂനെതിരായ ഗൂഢാലോചനയിൽ പങ്കില്ലെന്നാണ് ഇന്ത്യൻ സർക്കാർ പ്രതികരിച്ചത്. അത്തരം നടപടികൾ സർക്കാർ നയത്തിന് വിരുദ്ധമാണെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു.
