ധാക്ക : ബംഗ്ലദേശിൽ ബിഎൻപി (ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി) അധികാരമേൽക്കുന്ന പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം. താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള സർക്കാർ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയാണ് അധികാരത്തിലേറുന്നത്. എന്നാൽ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ ഇന്ത്യൻ സന്ദർശനം പ്രമാണിച്ച് 17-ാം തീയതി നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കാൻ സാധ്യത കുറവാണ്. പകരം ഇന്ത്യയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് സി പി രാധാകൃഷ്ണൻ, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എന്നിവർ ചടങ്ങിൽ സംബന്ധിക്കും. പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ സത്യവാചകം ചൊല്ലിക്കൊടുക്കുന്ന ചടങ്ങിൽ വിവിധ വിദേശരാജ്യങ്ങളിലെ നേതാക്കളും പങ്കുചേരും.

നിയമവാഴ്ച പുനഃസ്ഥാപിക്കുന്നതിനാണ് പുതിയ സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്ന് നിയുക്ത പ്രധാനമന്ത്രി താരിഖ് റഹ്മാൻ വ്യക്തമാക്കി. രാജ്യത്തിന്റെയും ജനങ്ങളുടെയും താൽപര്യങ്ങൾ മുൻനിർത്തിയാകും ബംഗ്ലദേശിന്റെ വിദേശനയം രൂപീകരിക്കുകയെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, സന്തുലിതമായ നയതന്ത്ര ബന്ധമാണ് രാജ്യം ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം മറുപടി നൽകി. ഏതെങ്കിലും ഒരു രാജ്യവുമായി മാത്രം ബന്ധം പരിമിതപ്പെടുത്തില്ലെന്നും അയൽരാജ്യങ്ങളുമായി ഉൾപ്പെടെ എല്ലാവരോടും തുറന്ന സമീപനമായിരിക്കും പുതിയ സർക്കാരിനുണ്ടാകുകയെന്നും ബിഎൻപി നേതൃത്വം അടിവരയിട്ടു.
