മൺട്രിയോൾ: യുഎസിലേക്കുള്ള കനേഡിയൻ യാത്രക്കാരുടെ എണ്ണത്തിൽ വൻ ഇടിവ് രേഖപ്പെടുത്തിയതോടെ പ്രമുഖ വിമാനക്കമ്പനിയായ എയർ ട്രാൻസാറ്റ് ഫ്ലോറിഡയിലേക്കുള്ള വിമാന സർവീസുകൾ വെട്ടിക്കുറച്ചു. ഈ വസന്തകാലം മുതൽ സർവീസുകൾ കുറയ്ക്കുമെന്നും 2026 വേനൽക്കാല സീസണിൽ ഫ്ലോറിഡയിലേക്കുള്ള വിമാനങ്ങൾ പൂർണ്ണമായും റദ്ദാക്കുമെന്നും കമ്പനി അറിയിച്ചു. കാനഡ-യുഎസ് ബന്ധം വഷളായ പശ്ചാത്തലത്തിൽ, കനേഡിയൻ വിനോദസഞ്ചാരികൾ അമേരിക്കൻ യാത്രകൾ കൂട്ടത്തോടെ ബഹിഷ്കരിച്ചതോടെയാണ് കമ്പനിയുടെ ഈ നീക്കം.

യാത്രക്കാരുടെ കുറവ് മൂലം വെസ്റ്റ് ജെറ്റ് ഈ വേനൽക്കാലത്ത് 10 യുഎസ് നഗരങ്ങളിലേക്കുള്ള സർവീസുകൾ ഒഴിവാക്കുമെന്നും എയർ കാനഡ സർവീസുകൾ പരിമിതപ്പെടുത്തുമെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഒരു വർഷമായി കനേഡിയൻ സഞ്ചാരികൾ തങ്ങളുടെ അവധിക്കാല ആഘോഷങ്ങൾക്കായി അമേരിക്കയെ ഒഴിവാക്കുന്ന പ്രവണത തുടരുകയാണെന്നും ഇതിനോടകം ഇരുരാജ്യങ്ങൾക്കുമിടയിലുള്ള യാത്രകളിൽ 30 ശതമാനത്തോളം കുറവുണ്ടായതായും മക്ഗിൽ സർവ്വകലാശാലയിലെ പ്രൊഫസർ ജോൺ ഗ്രേഡെക് ചൂണ്ടിക്കാട്ടി. അമേരിക്കയ്ക്ക് പകരമായി സൗത്ത് അമേരിക്ക, യൂറോപ്പ് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് കാനഡക്കാർ ഇപ്പോൾ താല്പര്യം കാണിക്കുന്നത്.
അമേരിക്കൻ വിപണിയിലെ തകർച്ച കണക്കിലെടുത്ത് വിമാനക്കമ്പനികൾ കരീബിയൻ രാജ്യങ്ങൾ, മെക്സിക്കോ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലേക്ക് പുതിയ സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. കാനഡയും അമേരിക്കയും തമ്മിലുള്ള രാഷ്ട്രീയ തർക്കങ്ങളും ട്രംപ് ഭരണകൂടത്തിന്റെ സാമ്പത്തിക നയങ്ങളും വിനോദസഞ്ചാര മേഖലയെ ദോഷകരമായി ബാധിക്കുന്നതായാണ് വിലയിരുത്തൽ. അയൽരാജ്യങ്ങൾ എന്ന നിലയിൽ ഭാവിയിൽ ബന്ധം മെച്ചപ്പെടുമെന്ന് ചിലർ പ്രത്യാശ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, നിലവിലെ സാഹചര്യം കാനഡയുടെ വിമാനക്കമ്പനികളെയും വിനോദസഞ്ചാര മേഖലയെയും പുതിയ വിപണികൾ കണ്ടെത്താൻ നിർബന്ധിതരാക്കിയിരിക്കുകയാണ്.
