ഓട്ടവ: കാനഡയുടെ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ട് ലിബറൽ സർക്കാർ പുതിയ പദ്ധതി പ്രഖ്യാപിച്ചു. സൈനിക ആവശ്യങ്ങൾക്കായി അമേരിക്കയെ അമിതമായി ആശ്രയിക്കുന്ന രീതി അവസാനിപ്പിക്കാനും ആഭ്യന്തര പ്രതിരോധ വ്യവസായത്തെ ശക്തിപ്പെടുത്താനുമാണ് ഈ നീക്കം. 6.6 ബില്യൺ ഡോളർ ചിലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയിലൂടെ കാനഡയിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് പ്രതിരോധ മേഖലയിലേക്ക് കടന്നുവരാൻ അവസരമൊരുങ്ങും.കാനഡയിൽ നിർമ്മിച്ച ഉപകരണങ്ങൾക്ക് മുൻഗണന നൽകുന്ന രീതിയിൽ സർക്കാർ ചിലവുകൾ പുനഃക്രമീകരിക്കും. ഈ പുതിയ നയം നടപ്പിലാക്കുന്നതിലൂടെ രാജ്യത്ത് 1,25,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നാറ്റോ സഖ്യത്തിലെ രാജ്യങ്ങൾക്ക് നൽകിയ പ്രതിരോധ ചിലവ് വാഗ്ദാനങ്ങൾ പാലിക്കുന്നതിൻ്റെ ഭാഗമായാണ് ഈ നടപടി. അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഭാഗത്തുനിന്നുണ്ടായ കടുത്ത സമ്മർദ്ദങ്ങളെത്തുടർന്ന് നാറ്റോ സഖ്യകക്ഷികളെല്ലാം തങ്ങളുടെ സൈനിക ചിലവ് വർധിപ്പിക്കാനുള്ള ശ്രമത്തിലാണ്.
