ഓട്ടവ: ഓട്ടവയുടെ ഭാവി വികസന പദ്ധതികൾക്ക് രൂപം നൽകുന്നതിൻ്റെ ഭാഗമായി 2051 വരെയുള്ള നഗരത്തിലെ ജനസംഖ്യാ വർധന സംബന്ധിച്ച പുതിയ റിപ്പോർട്ട് സിറ്റി പുറത്തുവിട്ടു. ഹെംസൺ കൺസൾട്ടിങ് തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം 2051-ഓടെ ഓട്ടവയിലെ ജനസംഖ്യ 16.8 ലക്ഷത്തിലെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതായത് 2024-നെ അപേക്ഷിച്ച് ഏകദേശം 5,30,000 പുതിയ താമസക്കാർ നഗരത്തിലേക്ക് എത്തും. കുടിയേറ്റമാണ് ഈ വളർച്ചയുടെ പ്രധാന കാരണമെന്നും പ്രത്യേകിച്ച് രാജ്യാന്തര കുടിയേറ്റം ഇതിൽ വലിയ പങ്ക് വഹിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

അടുത്ത 25 വർഷത്തിനുള്ളിൽ ഒൻ്റാരിയോയിൽ ഏറ്റവും വേഗത്തിൽ വളരുന്ന മുനിസിപ്പാലിറ്റിയായി ഓട്ടവ മാറുമെന്ന് ധനമന്ത്രാലയം പ്രവചിക്കുന്നു. ജനസംഖ്യ വർധിക്കുന്നതിനൊപ്പം നഗരത്തിൻ്റെ പ്രായഘടനയിലും മാറ്റം വരും. മുതിർന്ന പൗരന്മാരുടെ എണ്ണത്തിൽ വലിയ വർധന ഉണ്ടാകുമെന്നാണ് കരുതുന്നത്. അതുപോലെ തന്നെ 2051-ഓടെ നഗരത്തിൽ ആകെ 6,91,550 വീടുകൾ ആവശ്യമായി വരും. നിലവിലുള്ളതിനേക്കാൾ 2,57,752 അധിക വീടുകൾ കൂടി നിർമ്മിക്കേണ്ടി വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മാറുന്ന സാഹചര്യത്തിൽ ഡ്യൂപ്ലക്സുകൾ, ബേസ്‌മെൻ്റ് അപ്പാർട്ട്‌മെൻ്റുകൾ തുടങ്ങിയ ചെറിയ വീടുകളുടെ നിർമ്മാണത്തിൽ നഗരം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. നിലവിൽ റോ ഹോമുകൾക്ക് (Row Homes) ഓട്ടവയിൽ വലിയ പ്രചാരമുണ്ട്.
