ഷാർലറ്റ്ടൗൺ: പ്രിൻസ് എഡ്വേർഡ് ഐലൻഡിലെ വിദ്യാലയങ്ങൾ താരതമ്യേന സുരക്ഷിതമാണെങ്കിലും, ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ലൈംഗിക അതിക്രമങ്ങൾ തടയുന്നതിൽ ഗുരുതരമായ വീഴ്ചകൾ സംഭവിക്കുന്നതായി പ്രത്യേക അന്വേഷണ റിപ്പോർട്ട്. സ്കൂൾ ജീവനക്കാരുടെ മോശം പെരുമാറ്റത്തെക്കുറിച്ചുള്ള പരാതികൾ രേഖപ്പെടുത്തുന്നതിലും അവ പിന്തുടരുന്നതിലും വലിയ പോരായ്മകളുണ്ടെന്ന് മുൻ ചീഫ് ജസ്റ്റിസ് ഡേവിഡ് ജെങ്കിൻസ് തയ്യാറാക്കിയ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. 2023 മുതൽ 2025 വരെയുള്ള കാലയളവിൽ സ്കൂൾ ജീവനക്കാരുമായി ബന്ധപ്പെട്ട് 40 ഓളം ലൈംഗിക അതിക്രമ പരാതികളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. പകരം അധ്യാപകനായിരുന്ന മാത്യു അലൻ ക്രാസ്വെൽ നടത്തിയ അതിക്രമങ്ങൾ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇയാൾ കുട്ടികളോട് മോശമായി പെരുമാറിയപ്പോൾ അത് ‘ലൈംഗിക സ്വഭാവമുള്ളതല്ല’ എന്ന് കരുതി അധികൃതർ പോലീസിനെ അറിയിക്കാൻ വൈകിയതാണ് വലിയ വീഴ്ചയായി കണക്കാക്കപ്പെടുന്നത്. ഒരു സ്കൂളിൽ നിന്ന് പുറത്താക്കപ്പെട്ട അധ്യാപകൻ മറ്റൊരു സ്കൂളിൽ ജോലി തുടരുന്നത് തടയാൻ നിലവിൽ സംവിധാനമില്ലാത്തതും പോരായ്മയാണ്. കൃത്യമായി വിവരങ്ങൾ ട്രാക്ക് ചെയ്യാൻ കഴിയാത്തത് കുറ്റാക്കാർക്ക് ഒളിഞ്ഞിരിക്കാനുള്ള സാഹചര്യമുണ്ടാക്കുന്നു.

റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ സ്കൂൾ സംവിധാനം തകർന്നിട്ടില്ലെന്നും എന്നാൽ മെച്ചപ്പെടുത്തലുകൾ ആവശ്യമാണെന്നും വിദ്യാഭ്യാസ മന്ത്രി റോബിൻ ക്രൗച്ചർ പറഞ്ഞു.
പരാതികൾ നിരീക്ഷിക്കാനും രേഖപ്പെടുത്താനുമായി ഏപ്രിൽ മാസത്തോടെ പ്രവിശ്യയിലുടനീളം പുതിയ ട്രാക്കിംഗ് സംവിധാനം നടപ്പിലാക്കും. അധ്യാപകർക്കും ജീവനക്കാർക്കും ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് ക്രിമിനൽ പശ്ചാത്തലമില്ലെന്ന് ഉറപ്പാക്കുന്ന പരിശോധനകൾ നിർബന്ധമാക്കും. കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിന്റെ ആദ്യ സൂചനകൾ തിരിച്ചറിയാൻ അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകും.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ഈ പ്രക്രിയയിൽ പങ്കാളിത്തം വേണമെന്ന് പി.ഇ.ഐ ഹോം ആൻഡ് സ്കൂൾ ഫെഡറേഷൻ ആവശ്യപ്പെട്ടു.
