പത്തനംതിട്ട: നാലുകുട്ടികൾക്ക് പുതുജീവൻ നൽകി കേരളം എന്നെന്നും ഓർക്കുന്ന പേരായി മാറിയ കുഞ്ഞുമാലാഖയ്ക്ക് കണ്ണീരോടെ വിട. അവയവദാന ചരിത്രത്തിൽ ചരിത്രം കുറിച്ചാണ് പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിൻ്റെ മടക്കം. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ നെടുങ്ങാടപ്പള്ളി സെൻ്റ് തോമസ് സിഎസ്‌ഐ പള്ളിയിലായിരുന്നു സംസ്‌കാരം. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാണ് പത്തുമാസം പ്രായമുള്ള ഈ കുരുന്ന്. ആലിന്റെ വൃക്കകളും കരളും ഹൃദയവാൽവും നാലുകുട്ടികൾക്കാണ് പുതുജീവനേകുന്നത്. ആലിൻറെ രണ്ടു വൃക്കകൾ നൽകിയ പത്തു വയസ്സുള്ള ശ്രേയയും കരൾ സ്വീകരിച്ച ആറുമാസം പ്രായമുള്ള ധ്രിയയും ജീവിതത്തിലേക്ക് പിച്ചവെച്ചു തുടങ്ങുകയാണ്. ശ്രീചിത്രയിലെത്തിച്ച ആലിൻറെ ഹൃദയവാൽവ് നടപടികൾ പൂർത്തിയാക്കി സൂക്ഷിക്കും. പിന്നീടാകും സ്വീകർത്താവിനെ നിശ്ചയിക്കുക. നേത്രപടലങ്ങൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നെടുങ്ങാടപ്പള്ളി വാലുമണ്ണിൽ അരുൺ എബ്രഹാമിന്റെയും ഷെറിൻ ആൻ ജോണിന്റെയും മകൾ, പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന്റെ മസ്തിഷ്‌കമരണത്തെത്തുടർന്നാണ് മാതാപിതാക്കൾ കുഞ്ഞിന്റെ അവയവദാനം നടത്തി മാതൃകയായത്. പൊന്നോമനയ്‌ക്ക് യാത്രമൊഴിയേകാൻ ആയിരക്കണക്കിനാളുകളാണ് മല്ലപ്പള്ളിയിലെ നെടുങ്ങാടപ്പള്ളിയെന്ന കൊച്ചുഗ്രാമത്തിലേക്ക് ഞായറാഴ്ച ഒഴുകിയെത്തിയത്. ആശുപത്രിയിലും ആലിന്റെ വീട്ടിലും പള്ളിയിലുമായി പൊതുദർശനം നടത്തി. രാവിലെ എട്ടുമണിയോടെ മൃതദേഹം വീട്ടിലെത്തിച്ചത്. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയനേതാക്കളും ഉൾപ്പെടെ നിരവധിപേർ ഇവിടെ അന്ത്യോപചാരം അർപ്പിച്ചു. തുടർന്ന് മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോയി. പള്ളിയിലും പൊതുദർശനത്തിന് സൗകര്യമുണ്ടായിരുന്നു.

കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി വീണാ ജോർജ് തുടങ്ങിയ ജനപ്രതിനിധികളും രാഷ്ട്രീയനേതാക്കളും പള്ളിയിലെത്തി ആദരാഞ്ജലി അർപ്പിച്ചു. വൈകീട്ട് മൂന്നരയ്ക്ക്ശേഷമായിരുന്നു പള്ളിയിലെ ശുശ്രൂഷകൾ. തുടർന്ന് വൈകിട്ട് അഞ്ചുമണിയോടെ ജില്ലാ ഭരണകൂടത്തിന്റെ ചുമതലയിൽ, പ്രത്യേക പോലീസ് സേന ആലിന് ആദരവ് അർപ്പിച്ചു. ബ്യൂഗിൾ സല്യൂട്ട് അടക്കമുള്ള പോലീസ് ബഹുമതികൾ നൽകി. ഫെബ്രുവരി അഞ്ചിന് മാതാപിതാക്കളോടൊപ്പം കാറിൽ സഞ്ചരിക്കുമ്പോൾ എം.സി. റോഡിൽ പള്ളം ബോർമ കവലയിൽ എതിർദിശയിൽ നിന്നെത്തിയ വാഹനം ഇടിച്ചുണ്ടായ അപകടത്തിൽപ്പെട്ട് ദിവസങ്ങളോളം ചികിത്സയിലായിരുന്നു ആലിൻ. വെള്ളിയാഴ്ച ഉച്ചയോടെ ഡോക്ടർമാർ കുഞ്ഞിന്റെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു. ഇതോടെയാണ് മാതാപിതാക്കളായ അരുൺ എബ്രഹാമും ഷെറിൻ ആൻ ജോണിയും അവയവദാനത്തിന് തീരുമാനിച്ചത്
