Sunday, February 15, 2026

ഇറാനുമായി യുഎസ് ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മാര്‍ക്കോ റൂബിയോ

വിഷിങ്ടണ്‍: ഇറാനുമായുള്ള നയതന്ത്ര ബന്ധത്തില്‍ നിര്‍ണായക നീക്കങ്ങളുമായി അമേരിക്കന്‍ ഭരണകൂടം. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുമായി നേരിട്ട് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യക്തമാക്കി. മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തില്‍ സംസാരിക്കവെയാണ്, ഇറാനുമായി ഒരു പുതിയ കരാറിലെത്താനാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്‍ഗണന നല്‍കുന്നതെന്ന് റൂബിയോ വെളിപ്പെടുത്തിയത്. പ്രശ്‌നപരിഹാരത്തിനായി ആരെയും കാണാന്‍ മടിക്കാത്ത നേതാവാണ് ട്രംപെന്നും, ഖമേനി താല്‍പ്പര്യം പ്രകടിപ്പിച്ചാല്‍ ഉടന്‍തന്നെ കൂടിക്കാഴ്ചയ്ക്ക് പ്രസിഡന്റ് തയ്യാറാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, നയതന്ത്ര ചര്‍ച്ചകള്‍ക്ക് വാതില്‍ തുറന്നിടുമ്പോഴും ഇറാനിലെ ഭരണമാറ്റമെന്ന ലക്ഷ്യത്തില്‍ ട്രംപ് വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. ഇറാനില്‍ ഭരണമാറ്റം സംഭവിക്കുന്നതാണ് ആ രാജ്യത്തിന് സംഭവിക്കാവുന്ന ഏറ്റവും നല്ല കാര്യമെന്ന് ട്രംപ് ആവര്‍ത്തിച്ചു. ഇതിന് മുന്നോടിയായി പശ്ചിമേഷ്യയില്‍ അമേരിക്ക സൈനിക സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലായ യുഎസ്എസ് ജെറാള്‍ഡ് ആര്‍. ഫോര്‍ഡിനെ കരീബിയന്‍ കടലില്‍ നിന്ന് പശ്ചിമേഷ്യന്‍ മേഖലയിലേക്ക് വിന്യസിക്കാന്‍ ട്രംപ് ഉത്തരവിട്ടു. നിലവില്‍ മേഖലയിലുള്ള യുഎസ്എസ് അബ്രഹാം ലിങ്കണ് പുറമെയാണിത്.

ഇതിനിടെ, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിഷിങ്ടണിലെത്തി പ്രസിഡന്റ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. ഇറാനുമായുള്ള പുതിയ കരാറില്‍ ആണവ നിയന്ത്രണങ്ങള്‍ക്ക് പുറമെ, ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളുടെ പരിധി കുറയ്ക്കണമെന്ന വ്യവസ്ഥ കൂടി ഉള്‍പ്പെടുത്താന്‍ ഇസ്രായേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. എന്നാല്‍ മിസൈല്‍ പദ്ധതികളെക്കുറിച്ച് യാതൊരു ചര്‍ച്ചയ്ക്കുമില്ലെന്ന കര്‍ക്കശ നിലപാടിലാണ് ഇറാന്‍. മേഖലയില്‍ അമേരിക്ക നടത്തുന്ന സൈനിക വിന്യാസവും ഇറാനെതിരായ നീക്കങ്ങളും പശ്ചിമേഷ്യയിലെ സാഹചര്യം കൂടുതല്‍ വഷളാക്കുമെന്ന് അറബ് രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!