ടൊറന്റോ: ടൊറന്റോ പിയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളത്തെ നടുക്കിയ വിമാനാപകടം നടന്നിട്ട് ഇന്ന് ഒരു വർഷം തികയുന്നു. 2025 ഫെബ്രുവരി 17-ന് മിനിയാപൊളിസിൽ നിന്നെത്തിയ ഡെൽറ്റ എയർലൈൻസിന്റെ 4819-ാം നമ്പർ വിമാനമാണ് ലാൻഡിംഗിനിടെ അപകടത്തിൽപ്പെട്ടത്. അത്ഭുതകരമായി ജീവൻ തിരിച്ചുകിട്ടിയെങ്കിലും, ശാരീരികവും മാനസികവുമായ ആഘാതങ്ങളിൽ നിന്ന് തങ്ങൾ ഇന്നും മുക്തരല്ലെന്നാണ് യാത്രക്കാർ പറയുന്നത്. ഫെബ്രുവരി 17-ന് ഉച്ചയ്ക്ക് 3:30-ഓടെയായിരുന്നു സംഭവം. മഞ്ഞുവീഴ്ചയും ശക്തമായ കാറ്റുമുള്ള മോശം കാലാവസ്ഥയിൽ ലാൻഡ് ചെയ്യാൻ ശ്രമിച്ച വിമാനം റൺവേയിൽ ആഞ്ഞുപതിക്കുകയും തലകീഴായി മറിയുകയുമായിരുന്നു. തുടർന്ന് വിമാനത്തിന് തീപിടിച്ചു. വിമാനത്തിലുണ്ടായിരുന്ന 76 യാത്രക്കാരും 4 ജീവനക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും 21 പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടത്തിനിരയായ മിനസോട്ട സ്വദേശിയായ ജോൺ നെൽസൻ്റെ കാഴ്ചശക്തി കാഴ്ചശക്തി തീരെ കുറഞ്ഞു, നട്ടെല്ലിനും ഗുരുതരമായ പരിക്കേറ്റു. ഒരു മുൻ ഐറൺമാൻ താരം കൂടിയായ നെൽസൺ, അപകടത്തിന് ശേഷം കഠിനമായ വിഷാദരോഗത്തിനും ചികിത്സയിലാണ്. നേറ്റ് റിച്ചി എന്ന മറ്റൊരു യാത്രക്കാരൻ്റെ മനസിൽ ഇപ്പോഴുമുള്ളത് വിമാനത്തിനുള്ളിൽ തലകീഴായി തൂങ്ങിക്കിടന്ന നിമിഷങ്ങളാണ്. തലയ്ക്ക് പരിക്കേറ്റ റിച്ചിക്ക് ഇപ്പോൾ ഓർമ്മക്കുറവും വിട്ടുമാറാത്ത നടുവേദനയുമുണ്ട്. വിമാനയാത്രയോടുള്ള ഭയം കാരണം 14 മണിക്കൂർ വരെ കാറോടിച്ചാണ് ഇദ്ദേഹം ഇപ്പോൾ യാത്ര ചെയ്യുന്നത്.

അതേസമയം അപകടം നൂറുശതമാനം ഒഴിവാക്കാവുന്നതായിരുന്നു എന്നാണ് യാത്രക്കാരുടെ അഭിഭാഷകരുടെ വാദം. പൈലറ്റുമാരുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്നാണ് ഇവരുടെ ആരോപണം. നഷ്ടപരിഹാരമായി ഡെൽറ്റ എയർലൈൻസ് വാഗ്ദാനം ചെയ്ത 30,000 ഡോളർ തങ്ങളുടെ ദുരിതങ്ങൾക്ക് പകരമാവില്ലെന്നാണ് യാത്രക്കാർ കോടതിയിൽ ബോധിപ്പിച്ചത്. കാനഡയിലെ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (TSB) അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്. അപകടത്തെക്കുറിച്ചുള്ള അന്തിമ റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ കൃത്യമായ കാരണം വ്യക്തമാകൂ. അപകടത്തിന് ശേഷം വിമാന സുരക്ഷാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തണമെന്നും എയർലൈൻ അധികൃതർ മാപ്പ് പറയണമെന്നുമാണ് ദുരന്തത്തെ അതിജീവിച്ചവരുടെ ആവശ്യം.
