കാൽഗറി: സൗത്ത് വെസ്റ്റ് കാൽഗറിയിലെ മാർഡ ലൂപ്പ് മേഖലയിൽ തിങ്കളാഴ്ചയുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് കുത്തേറ്റു. പുലർച്ചെ 5:15-ഓടെ 33 അവന്യൂ സൗത്ത് വെസ്റ്റിലെ 1500 ബ്ലോക്കിലാണ് സംഭവം. വാക്കേറ്റം ആക്രമണത്തിലേക്ക് മാറുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

സംഭവസ്ഥലത്തെത്തിയ പൊലീസ് സംഘം കുത്തേറ്റ നിലയിൽ ഒരാളെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിച്ചു.അക്രമികളെന്ന് സംശയിക്കുന്ന രണ്ടുപേർ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടെങ്കിലും സംഘട്ടനത്തിനിടെ അവർക്കും കുത്തേറ്റതായി ദൃക്സാക്ഷികൾ മൊഴി നൽകി. പിന്നീട് ഇവരെ കസ്റ്റഡിയിലെടുത്തതായി സ്റ്റാഫ് സാർജന്റ് ജോൺ ഗൈഗൺ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 403-266-1234 എന്ന നമ്പറിലോ ക്രൈം സ്റ്റോപ്പേഴ്സ് വഴിയോ പൊലീസിനെ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
