മിലാൻ : 2026 വിന്റർ ഒളിംപിക്സിൽ കാനഡയ്ക്ക് രണ്ടാം സ്വർണ്ണം. തിങ്കളാഴ്ച നടന്ന വനിതകളുടെ ഫ്രീസ്കീ ബിഗ് എയർ മത്സരത്തിൽ ഒന്റാറിയോയിലെ പാരി സൗണ്ട് സ്വദേശിനിയായ മേഗൻ ഓൾഡം ആണ് കാനഡയ്ക്കായി സ്വർണ്ണമെഡൽ നേടിയത്. കനത്ത കൊടുങ്കാറ്റിനെത്തുടർന്ന് മത്സരങ്ങൾ ഒന്നേകാൽ മണിക്കൂറോളം വൈകിയെങ്കിലും ആവേശകരമായ പോരാട്ടത്തിനൊടുവിൽ മേഗൻ ഒന്നാമതെത്തുകയായിരുന്നു. ഈ ഒളിമ്പിക്സിൽ മേഗന്റെ രണ്ടാമത്തെ മെഡലാണിത്, നേരത്തെ സ്ലോപ്സ്റ്റൈൽ മത്സരത്തിൽ താരം വെങ്കലം നേടിയിരുന്നു.

പത്ത് താരങ്ങൾ പങ്കെടുത്ത ഫൈനലിലെ തന്റെ രണ്ടാമത്തെ ശ്രമത്തിലാണ് മേഗൻ ലീഡ് നേടിയത്. ബ്രിട്ടന്റെ കിർസ്റ്റി മെയർ തന്റെ അവസാന ശ്രമത്തിൽ വീണുപോയതോടെ മേഗൻ സ്വർണ്ണം ഉറപ്പിച്ചു. ആകെ 180.75 പോയിന്റുകൾ നേടിയ മേഗൻ, നിലവിലെ ചാമ്പ്യനും ചൈനീസ് സൂപ്പർ താരവുമായ ഐലീൻ ഗുവിനെ (179.00 പോയിന്റ്) രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി. ഇറ്റലിയുടെ ഫ്ലോറ തബാനെല്ലിക്കാണ് വെങ്കലം.
ആദ്യ ആഴ്ചയിൽ സ്വർണ്ണമെഡലുകൾ ഒന്നുമില്ലാതിരുന്ന കാനഡയ്ക്ക് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായാണ് രണ്ട് സ്വർണ്ണങ്ങൾ ലഭിച്ചത്. ഞായറാഴ്ച പുരുഷന്മാരുടെ ഡ്യുവൽ മോഗ്ൾസിൽ മൈക്കൽ കിംഗ്സ്ബറിയാണ് കാനഡയുടെ സ്വർണ്ണ വേട്ടയ്ക്ക് തുടക്കമിട്ടത്. 2022-ലെ തന്റെ ആദ്യ ഒളിംപിക്സിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത 24-കാരിയായ മേഗൻ ഓൾഡം, ഇത്തവണത്തെ മിന്നും പ്രകടനത്തിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.
