Monday, February 16, 2026

പ്രേംകുമാറിനെ കഴക്കൂട്ടത്ത് മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് ആലോചന; ചര്‍ച്ചകള്‍ സജീവം

തിരുവനന്തപുരം: നടനും ചലച്ചിത്ര അക്കാദമി മുന്‍ അധ്യക്ഷനുമായ പ്രേംകുമാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കും. ഇടതു സര്‍ക്കാരുമായി ഉടക്കിനില്‍ക്കുന്ന പ്രേംകുമാറിനെ പാര്‍ട്ടിയിലെത്തിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം സജീവമായ നീക്കങ്ങളാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പ്രേംകുമാറുമായി ഫോണില്‍ സംസാരിക്കുകയും സഹകരണത്തിന്റെ സാധ്യതകള്‍ തേടുകയും ചെയ്തു. പാര്‍ട്ടി പ്രവേശനം സംബന്ധിച്ച് പ്രേംകുമാര്‍ അന്തിമ നിലപാട് വ്യക്തമാക്കിയാലുടന്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് തന്നെ നീക്കിയ രീതി മോശമായിപ്പോയെന്നും യാത്രയയപ്പ് നല്‍കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ലെന്നും പ്രേംകുമാര്‍ പരസ്യമായി ആരോപിച്ചിരുന്നു. സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച കവി സച്ചിദാനന്ദന്‍ സാഹിത്യ അക്കാദമി അധ്യക്ഷനായി തുടരുമ്പോള്‍ തന്നെ മാത്രം പുറത്താക്കിയത് ഇരട്ടനീതിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ അതൃപ്തി മുതലെടുത്ത് പ്രേംകുമാറിനെ സ്വന്തം തട്ടകമായ കഴക്കൂട്ടത്ത് തന്നെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.

രാഷ്ട്രീയ മാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രേംകുമാര്‍ ക്രിയാത്മകമായാണ് പ്രതികരിച്ചത്. തന്റെ കുടുംബത്തിന് കോണ്‍ഗ്രസ് പാരമ്പര്യമുണ്ടെന്നും കോളേജ് കാലത്ത് കെഎസ് യു സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. താന്‍ ഒരു പാര്‍ട്ടിയിലും അംഗത്വമെടുത്തിട്ടില്ലാത്തതിനാല്‍ എങ്ങോട്ടും പ്രത്യേകമായി പോകേണ്ട കാര്യമില്ലെന്നും, നാളെ എന്ത് സംഭവിക്കുമെന്ന് പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ദൈവനിശ്ചയം പോലെ ചില കാര്യങ്ങള്‍ നടക്കുമ്പോള്‍ അതിനൊപ്പം നില്‍ക്കുന്നു’ എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം, പ്രേംകുമാറിന്റെ നീക്കത്തില്‍ ആശങ്കയിലായ സിപിഎം അനുനയ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. മുന്‍ മന്ത്രിയും എംഎല്‍എയുമായ കടകംപള്ളി സുരേന്ദ്രന്‍ പ്രേംകുമാറിന്റെ വീട്ടിലെത്തിയെങ്കിലും അദ്ദേഹത്തെ കാണാന്‍ സാധിക്കാതെ മടങ്ങി. ഇന്ന് തിരുവനന്തപുരത്തുള്ള കെ.സി. വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവരുമായി പ്രേംകുമാര്‍ കൂടിക്കാഴ്ച നടത്താന്‍ സാധ്യതയുണ്ട്. ഈ കൂടിക്കാഴ്ചയോടെ കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിത്വത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!