ന്യൂഡൽഹി: ഇന്ത്യയുടെ ആദായനികുതി നിയമങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് ‘ഡ്രാഫ്റ്റ് ഇൻകം ടാക്സ് റൂൾസ് 2026’ കേന്ദ്ര സർക്കാർ പുറത്തിറക്കി. പതിറ്റാണ്ടുകൾ പഴക്കമുള്ള നികുതി നിയമങ്ങൾ ലഘൂകരിക്കുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനുമാണ് ഈ മാറ്റങ്ങൾ. 2026 ഏപ്രിൽ 1 മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും. ഉയർന്ന മൂല്യമുള്ള പല ഇടപാടുകൾക്കും പാൻ കാർഡ് വിവരങ്ങൾ നൽകേണ്ട പരിധി ഉയർത്തിയിട്ടുണ്ട്. നേരത്തെ ഒരു ദിവസം 50,000 രൂപയ്ക്ക് മുകളിൽ നിക്ഷേപിക്കുമ്പോൾ പാൻ വേണമായിരുന്നു. എന്നാൽ ഇനി മുതൽ ഒരു സാമ്പത്തിക വർഷത്തിൽ ആകെ 10 ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപിക്കുമ്പോൾ പാൻ വിവരങ്ങൾ നൽകിയാൽ മതിയാകും. ഭൂമിയോ വീടോ വാങ്ങുന്നതിനും വിൽക്കുന്നതിനും പാൻ കാർഡ് നിർബന്ധമാക്കുന്ന പരിധി 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷം രൂപയായും ഉയർത്തിയിട്ടുണ്ട്. ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഹോട്ടൽ ബില്ലുകൾക്ക് മാത്രമേ ഇനി പാൻ വിവരങ്ങൾ നൽകേണ്ടതുള്ളൂ. നേരത്തെ ഇത് 50,000 രൂപയായിരുന്നു. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള മോട്ടോർ വാഹനങ്ങൾ വാങ്ങുന്നവരും പാൻ കാർഡ് നൽകണം. ഇതിൽ ഇരുചക്ര വാഹനങ്ങളും ഉൾപ്പെടും എന്നതാണ് ശ്രദ്ധേയമായ മാറ്റം. നേരത്തെ ഇരുചക്ര വാഹനങ്ങൾക്ക് ഈ നിബന്ധന ഉണ്ടായിരുന്നില്ല.

ഹൗസ് റെന്റ് അലവൻസ് (HRA) ആനുകൂല്യങ്ങൾക്കായി ബെംഗളൂരു, ഹൈദരാബാദ്, പുണെ, അഹമ്മദാബാദ് എന്നീ നഗരങ്ങളെക്കൂടി മെട്രോ നഗരങ്ങളായി പരിഗണിക്കും. ഇതോടെ ഈ നഗരങ്ങളിൽ താമസിക്കുന്ന ശമ്പളക്കാർക്ക് നികുതിയിളവിൽ വലിയ നേട്ടമുണ്ടാകും. നിലവിലുള്ള 500-ലധികം സങ്കീർണ്ണമായ ചട്ടങ്ങൾ വെട്ടിചുരുക്കി 333 എണ്ണമാക്കി മാറ്റും. കൂടാതെ, ആദായനികുതി റിട്ടേൺ ഫോമുകൾ (ITR Forms) ലളിതമാക്കുകയും ‘സ്മാർട്ട് പ്രീ-ഫിൽഡ്’ സംവിധാനം കൊണ്ടുവരികയും ചെയ്യും. പുതിയ ഇൻഷുറൻസ് അക്കൗണ്ടുകൾ ആരംഭിക്കുന്നതിനും ഇനി പാൻ കാർഡ് നിർബന്ധമാക്കും. നിലവിൽ 50,000 രൂപയ്ക്ക് മുകളിൽ പ്രീമിയം അടയ്ക്കുന്നവർക്ക് മാത്രമായിരുന്നു പാൻ ആവശ്യമായിരുന്നത്. പുതിയ നിർദ്ദേശങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് 2026 ഫെബ്രുവരി 22 വരെ അഭിപ്രായങ്ങൾ അറിയിക്കാം. അതിന് ശേഷമായിരിക്കും നിയമങ്ങൾ അന്തിമമായി വിജ്ഞാപനം ചെയ്യുന്നത്.
