മൺട്രിയോൾ : ആഴ്ചയിൽ ഏഴ് ദിവസവും പ്രവർത്തിക്കുന്ന ടെലിമെഡിസിൻ സേവനം ഉറപ്പുവരുത്തുമെന്ന പ്രഖ്യാപനവുമായി കെബെക്ക് ലിബറൽ പാർട്ടിയുടെ പുതിയ അമരക്കാരൻ ചാൾസ് മില്യാർഡ്. ട്രോയിസ്-റിവിയേഴ്സിൽ ആവേശോജ്ജ്വല സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിരഹിതവും സുതാര്യവുമായ ഭരണം കാഴ്ചവെക്കുമെന്ന് മില്യാർഡ് വേദിയിൽ വെച്ച് ഉറപ്പുനൽകി. ഫാർമസിസ്റ്റും കെബെക്ക് ഫെഡറേഷൻ ഓഫ് ചേംബേഴ്സ് ഓഫ് കൊമേഴ്സിന്റെ മുൻ പ്രസിഡന്റുമായ മില്യാർഡ് തന്റെ പ്രധാന വികസന പദ്ധതികളും അവതരിപ്പിച്ചു. പ്രതിവർഷം ഒരു ലക്ഷം വീടുകളുടെ നിർമ്മാണം, ചെറുകിട സംരംഭകർക്ക് നികുതി ഇളവ് എന്നിവയായും അദ്ദേഹത്തിന്റെ വാഗ്ദാനങ്ങളിൽ ഉൾപ്പെടുന്നു.

അതേസമയം, മുൻ ലീഡർ പാബ്ലോ റോഡ്രിഗസിന്റെ രാജിയിലേക്കും വിവിധ വിവാദങ്ങളിലേക്കും നയിച്ച പ്രതിസന്ധികൾക്ക് ശേഷം പാർട്ടിയെ ശക്തിപ്പെടുത്താൻ മില്യാർഡിന് കഴിയുമെന്ന് പ്രവർത്തകർ പ്രത്യാശ പ്രകടിപ്പിച്ചു. ഡെൽറ്റ ഹോട്ടലിൽ നടന്ന ചടങ്ങിൽ മുൻ പ്രീമിയർമാരായ ഡാനിയൽ ജോൺസൺ, ഫിലിപ്പ് കൂയിലാർഡ് എന്നിവരുൾപ്പെടെ നൂറുകണക്കിന് പാർട്ടി അംഗങ്ങൾ അദ്ദേഹത്തെ വരവേറ്റു. സജീവ രാഷ്ട്രീയത്തിൽ മുൻപരിചയമില്ലാത്ത മില്യാർഡ്, വരും ദിവസങ്ങളിൽ ജനങ്ങൾക്കിടയിൽ തന്റെ സ്വാധീനം ഉറപ്പിക്കുക എന്ന വെല്ലുവിളിയാണ് പ്രധാനമായും നേരിടുന്നത്.
