ടൊറന്റോ: നഗരമധ്യത്തിലെ ക്വീൻ സ്ട്രീറ്റ് വെസ്റ്റ്, പോർട്ട്ലാൻഡ് സ്ട്രീറ്റ് ജംഗ്ഷന് സമീപം വെടിവെപ്പ്. തിങ്കളാഴ്‌ച വൈകീട്ട് അഞ്ചുമണിയോടെ തിരക്കേറിയ സമയത്ത് നടന്ന വെടിവെപ്പിൽ ഒരു വ്യാപാര സ്ഥാപനത്തിന് കേടുപാടുണ്ടായി. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. വെടിയുണ്ടകൾ പതിച്ച് സ്ഥാപനത്തിന്റെ മുൻവശത്തെ ഗ്ലാസ് വാതിൽ പൂർണ്ണമായും തകരുകയും ജനലുകൾ തകരുകയും ചെയ്‌തു. വെടിവെപ്പിന് ശേഷം അക്രമികൾ കറുത്ത നിറത്തിലുള്ള ഒരു വാഹനത്തിൽ രക്ഷപ്പെട്ടു. ചില സൂചനകൾ ലഭിച്ചെങ്കിലും പ്രതികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടില്ല.

അന്വേഷണത്തിന്റെ ഭാഗമായി ക്വീൻ സ്ട്രീറ്റിൽ പോർട്ട്ലാൻഡ് മുതൽ ഡെനിസൺ അവന്യൂ വരെയുള്ള ഭാഗത്ത് ഗതാഗതം നിരോധിച്ചു. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ ഇതേ സ്ഥലത്ത് നടക്കുന്ന രണ്ടാമത്തെ വെടിവെപ്പാണിത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിൽ കടുത്ത ആശങ്കയിലാണ് പ്രദേശവാസികൾ. ടൊറന്റോ പൊലീസ് സംഭവസ്ഥലത്ത് പരിശോധന തുടരുകയാണ്.
