വൻകൂവർ : ടോഫിനോയിലെ കാലപ്പഴക്കം ചെന്ന ആശുപത്രിക്ക് പകരം അത്യാധുനിക സൗകര്യങ്ങളുള്ള പുതിയ ‘കാംപസ് ഓഫ് കെയർ’ നിർമ്മിക്കാനുള്ള പദ്ധതി ബി സി സർക്കാർ തള്ളിയതിൽ ആശങ്ക പ്രകടിപ്പിച്ച് ടോഫിനോ സിറ്റി. 1954-ൽ 400 പേർക്കായി നിർമ്മിച്ച നിലവിലെ ആശുപത്രി, ഇപ്പോൾ പ്രാദേശിക ഗോത്രവർഗ സമൂഹങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ ആശ്രയിക്കുന്ന പ്രധാന കേന്ദ്രമാണ്. എന്നാൽ, അധിക സേവനങ്ങളില്ലാത്ത ഒരു ചെറിയ കെട്ടിടം മതിയെന്നും പദ്ധതിയുടെ ചെലവ് കുറയ്ക്കണമെന്നുമാണ് മിനിസ്ട്രി ഓഫ് ഇൻഫ്രാസ്ട്രക്ചർ നിലപാട്.

സ്വന്തം നാട്ടിൽ ജനിക്കാനും അന്തസ്സോടെ മരിക്കാനുമുള്ള സാഹചര്യം ജനങ്ങൾക്ക് ഉണ്ടാകണമെന്നും, പ്രസവ ശുശ്രൂഷയും പാലിയേറ്റീവ് കെയറും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ പുതിയ ആശുപത്രിയിൽ അത്യാവശ്യമാണെന്നും മേയർ ഡാൻ ലോ പറഞ്ഞു. സർക്കാരിന്റെ ഈ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഗോത്രവർഗ നേതാക്കളും മറ്റ് കമ്മ്യൂണിറ്റി പ്രതിനിധികളും ഉൾപ്പെടുന്ന ഒരു സംഘം വിക്ടോറിയ സന്ദർശിച്ച് നേരിട്ട് ചർച്ച നടത്താൻ ഒരുങ്ങുകയാണ്. നിലവിൽ ഐലൻഡ് ഹെൽത്തുമായി ചേർന്ന് പദ്ധതി പരിഷ്കരിക്കുന്നതിനുള്ള ചർച്ചകൾ നടക്കുകയാണെന്ന് മന്ത്രാലയം അറിയിച്ചു.
